സിദ്ധാർഥന്റെ മരണം, സിബിഐ സംഘം വയനാട്ടിൽ, എസ്പിയുമായി കൂടിക്കാഴ്ച നടത്തി, ഫയലുകൾ പരിശോധിച്ചു

വയനാട്∙ പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർഥന്‍റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വയനാട്ടിലെത്തി. വയനാട് എസ്പിയുമായി സിബിഐ സംഘം കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽനിന്നു എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍റെ കീഴിലുള്ള സംഘമാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. നിലവിൽ കേസ് അന്വേഷിക്കുന്ന കൽപറ്റ ഡിവൈഎസ്പിയുമായി സിബിഐ സംഘം കണ്ണൂരിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

സി.ബി.ഐ അന്വേഷണത്തിനായി കേന്ദ്രസർക്കാർ വിജ്ഞാപനമിറങ്ങിയതിന് പിന്നാലെയാണ് സി.ബി.ഐ സംഘം വയനാട്ടിലെത്തിയത്. ഫയലുകൾ പരിശോധിക്കുകയും മറ്റു വിവരങ്ങൾ തേടുകയുമാണ് അന്വേഷണസംഘം ചെയ്തതെന്നാണ് സൂചന. രണ്ട് ഉദ്യോ​ഗസ്ഥർ കൂടി അന്വേഷണസംഘത്തിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ഉടൻ സിബിഐ അന്വേഷണത്തിന് വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനു പിന്നാലെയാണ് സിബിഐ സംഘം വയനാട്ടിലെത്തിയത്.

കേസ് ഈ മാസം 9 ന് വീണ്ടും പരിഗണിക്കാനായി മാറ്റിയിരുന്നു. മകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അടിയന്തരമായി സി.ബി.ഐ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ ടി. ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.