സിദ്ധാർത്ഥിന്റെ ദുരൂഹമരണം, എല്ലാ പ്രതികളും പിടിയില്‍, പിടിയിലായത് 18 പേർ

കല്പറ്റ : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ പ്രതികളും പിടിയിലായി. ആള്‍ക്കൂട്ട വിചാരണയുടെ ആസൂത്രകനായ കൊല്ലം സ്വദേശി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ള പ്രതികളെയാണ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി.

കേസിൽ മുഖ്യപ്രതിയായ സിൻജോ ജോൺസണിനെ രാവിലെ പോലീസ് പിടികൂടിയിരുന്നു. കീഴടങ്ങാൻ വരുമ്പോൾ കൽപറ്റയിൽ വച്ചാണ് യുവാവിനെ പോലീസ് പിടികൂടിയത്. സിദ്ധാർത്ഥിനെ ഏറ്റവും കൂടുതൽ മർദ്ദിച്ചതും ക്രൂരമായ ആൾകൂട്ട വിചാരണയ്‌ക്ക് നേതൃത്വം നൽകിയതും സിൻജോയാണെന്ന് സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞിരുന്നു. സമാനതകൾ ഇല്ലാത്ത ക്രൂരതകളാണ് സിദ്ധാർത്ഥിനെതിരെ എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയതെന്ന് ആന്റി- സ്‌ക്വാഡിന്റെ റിപ്പോർട്ടിലും പറയുന്നുണ്ട്.

സിന്‍ജോയ്ക്ക് പുറമേ പത്തനംതിട്ട അടൂര്‍ സ്വദേശി ജെ.അജയ് (24), കൊല്ലം പരവൂര്‍ സ്വദേശി എ.അല്‍ത്താഫ് (21,) കൊല്ലം കിഴക്കുംഭാഗം സ്വദേശി ആര്‍.എസ്. കാശിനാഥന്‍ (25,) മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ തുടങ്ങിയവരാണ് ശനിയാഴ്ച പോലീസിന്റെ പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ട നാലുപ്രതികള്‍ക്കായി ശനിയാഴ്ച രാവിലെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

സൗദ് റിസാല്‍, കാശിനാഥന്‍, അജയ്കുമാര്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. ഇതിനുപിന്നാലെയാണ് കാശിനാഥന്‍ അടക്കമുള്ളവര്‍ പോലീസിന്റെ പിടിയിലായത്.
എസ്എഫ്‌ഐയുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് ഇക്കഴിഞ്ഞ 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. റാഗിംഗ് നിരോധ നിയമം, ആത്മഹത്യാ പ്രേരണ, മർദ്ദനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.