എന്റെ വിശപ്പകറ്റാൻ അന്നമിട്ട കൈആണ് ചേച്ചിയുടേത്, മല്ലിക ചേച്ചിക്ക് പിറന്നാളാശംസയുമായി സിദ്ധു

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരും മക്കളുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം മല്ലിക സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ സീരിയൽ മേഖലയിലും സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

ഇന്ന് മല്ലിക സുകുമാരന്റെ 68ാം ജന്മദിനമാണ്. മക്കളും കൊച്ചുമക്കളുമടക്കം നിരവധി ആരാധകരാണ് താരത്തിന് ആശംസ നേരുന്നത്. മല്ലിക സുകുമാരന്റെ കൂടെ നിൽക്കുന്നൊരു ഫോട്ടോയാണ് സിദ്ധു പങ്കുവെച്ചത്. ഒപ്പം ഒരു ജോലി അന്വേഷിച്ച് മല്ലികയുടെ വീട്ടിൽ പോയത് മുതൽ വിശന്നപ്പോൾ ഭക്ഷണം തന്നത് വരെയുള്ള കഥകൾ അദ്ദേഹം പങ്കുവെച്ചു

‘ഇന്ന് ചേച്ചിയുടെ പിറന്നാളാണ്. ചേച്ചിയുടെ സ്‌നേഹം, വാത്സല്യം അതനുഭവിക്കാൻ തുടങ്ങിയിട്ട് 37 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ജീവിതം കൈക്കുമ്പിളിൽ വെച്ചു തന്നു സുകുമാരൻ സാർ. കണ്ടനാൾ മുതൽ ഒരു സഹോദരനെപോലെ ചേർത്ത് പിടിച്ചു ചേച്ചി. 37 വർഷങ്ങൾക്കിപ്പുറവും അന്നത്തേക്കാളും ഒരുപടിമേലെ എന്നെയും എന്റെ കുടുംബത്തെയും സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു ആ കുടുംബം. അതിൽ കൂടുതൽ എന്തു സുകൃതം വേണം എനിക്ക്.

സുകുമാരൻ സാറിനടുത്ത് ജോലി അന്വേഷിച്ചു ചെന്ന എനിക്ക്, ജോലി തന്നു. ആ വീട്ടിൽ താമസസൗകര്യം തന്നു. ആദ്യ ദിവസം തന്നെ സാറിനൊപ്പമിരുത്തി ചോറും വിളമ്പിത്തന്നു ചേച്ചി. അതെന്നെ അതിശയിപ്പിച്ചു, അത്ഭുതപെടുത്തി. അന്നത്തെ സൂപ്പർസ്റ്റാറിനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുക. തലേദിവസം വരെയുള്ള എന്റെ കാര്യം ആലോചിച്ചാൽ ലോകാത്ഭുതങ്ങളിൽ ഒന്നായിട്ടാണ് എനിക്കു തോന്നിയത്.

അടുക്കളയിൽ ഏതെങ്കിലും ഒരു മൂലക്കിരുത്തി ഭക്ഷണം തരേണ്ട കാര്യമേ ഉള്ളു. അതുതന്നെ എനിക്കു വലിയ സന്തോഷത്തിന് വക നൽകും. പക്ഷെ ചേച്ചി ചെയ്തത് അങ്ങനെയല്ല. ചേച്ചി എന്ന സ്‌നേഹസാഗര തീരത്ത് നിൽക്കുകയാണ് ഇന്നും ഞാനും കുടുംബവും. ഉണ്ണുമ്പോൾ ചെന്നാൽ ചോറ് തരും, തേക്കുമ്പോൾ ചെന്നാൽ എണ്ണ തരും, കോടിയെടുക്കുമ്പോൾ ഒന്നു തരും. ഈ സംഭാഷണം ആരോമലുണ്ണി സിനിമയിലേതാണെങ്കിലും അതാണ് എനിക്ക് ചേച്ചി.

സിനിമയിൽ എത്തിപ്പെടാനും എത്തിപ്പെട്ടിട്ടും ഗതികിട്ടാതെ അലയുന്ന, വിശപ്പകറ്റാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടിൽ നിന്ന് എന്റെ വിശപ്പകറ്റാൻ ‘അന്നമിട്ട കൈ’ആണ് ചേച്ചിയുടേത്. അതുകൊണ്ടു തന്നെ ഈ ദിവസം എനിക്ക് ഏറ്റവും വിശേഷപ്പെട്ടതാണ്, പ്രിയപ്പെട്ടതാണ്. ദീർഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നൽകി ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ജീവൻ തന്ന മാതാപിതാക്കൾക്കൊപ്പം ജീവിതം തന്ന സുകുമാരൻ സാറിനെയും ഓർക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല ജീവിതത്തിൽ