നാലാം ക്ലാസിൽ പഠനം നിർത്തി, 17-ാം വയസ്സിൽ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹം, സിൽക്ക് സ്മിതയുടെ കഥയിങ്ങനെ

എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ ലോകം അടക്കി വാണ സിൽക്ക് സ്മിത എന്ന നടിയെ അറിയാത്തസിനിമ പ്രേമികൾ ചുരുക്കായിരിക്കും. ആ കാലത്തിറങ്ങിയ ചിത്രങ്ങളിൽ സ്മിതയുടെ ഗാനരംഗം ഉൾപ്പെടുത്താത്ത ചിത്രങ്ങൾ അപൂർവം തന്നെയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. മുപ്പത്തിയഞ്ചാം വയസിൽ ജീവിതം അവസാനിപ്പിച്ച് സിൽക്ക് യാത്രയായപ്പോൾ അവളുടെ ജഡത്തിൽ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി.

സിൽക്ക് വിടപറഞ്ഞിട്ട് ഇന്നേക്ക് 25 വർഷങ്ങൾ പിന്നിടുന്നു. സിൽക്ക് സ്മിതയുടെ ബാല്യകാലം ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് നാലാം ക്ലാസിൽ സിൽക് സ്മിത പഠനം നിർത്തി. 17-ാം വയസ്സിൽ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരു കാളവണ്ടിക്കാരനെ സിൽക് സ്മിത വിവാഹം കഴിച്ചു. ഈ ബന്ധം ഏറെ ദുരനുഭവങ്ങളാണ് 17-കാരിക്ക് സമ്മാനിച്ചത്.
ജീവിതപങ്കാളി തികഞ്ഞ മദ്യപാനിയായിരുന്നു. രാത്രി മദ്യപിച്ച്‌ വീട്ടിലെത്തുന്ന ഇയാൾ സിൽക് സ്മിതയെ ശാരീരികമായി മർദിച്ചിരുന്നു. ഭർതൃവീട്ടുകാരും ഈ 17-കാരിയെ ക്രൂരമായി പീഡിപ്പിച്ചു.

1980 ൽ വിനു ചക്രവർത്തി സംവിധാനം ചെയ്ത വണ്ടിച്ചക്രം എന്ന തമിഴ് സിനിമയിലൂടെയാണ് വിജയലക്ഷ്മി സിൽക് സ്മിതയാകുന്നത്. വണ്ടിച്ചക്രത്തിലെ ബാർ ഡാൻസർ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സിൽക് എന്നാണ് സിനിമയിലെ ബാർ ഡാൻസറുടെ പേര്. വണ്ടിച്ചക്രത്തിനു ശേഷം വിജയലക്ഷ്മി സിൽക് ആയി.