സിൽവർ ലൈൻ പദ്ധതി; ഭൂമി ഏറ്റെടുക്കൽ ഓഫീസുകൾ പൂട്ടി

ആലപ്പുഴ. സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ 11 ജില്ലകളിലുണ്ടായിരുന്ന സ്‌പെഷ്യൽ തഹസിൽദാർ ഓഫീസുകളും എറണാകുളത്തെ ഡെപ്യൂട്ടി കളക്ടർ ഓഫീസും പൂട്ടി. ഈ ഓഫീസുകൾ പുനർവിന്യസിച്ച് സർക്കാർ ഉത്തരവായി. പൊതുമരാമത്ത് വകുപ്പിന്റെയും കിഫ്ബിയുടെയുംമറ്റും പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കാനുള്ള ചുമതലയാണ് പുനർവിന്യസിച്ച ഓഫീസുകൾക്കു നൽകിയത്.

സിൽവർ ലൈൻ സ്ഥലമെടുപ്പ് ഓഫീസുകളിലുണ്ടായിരുന്ന 205 തസ്തികകളും പുതിയ ഓഫീസുകളിലേക്കു മാറ്റി. 2021 ഓഗസ്റ്റ് 18-നാണ് കെ റെയിൽ റവന്യൂ വകുപ്പിലെ 205 തസ്തികകൾ മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവായത്. ഈ വർഷം ഓഗസ്റ്റ് 18 വരെ തസ്തികകൾക്ക് തുടർച്ചാ അനുമതിയുണ്ട്.

പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കില്ലെന്നു വ്യക്തമായതിനാൽ സർക്കാർ കഴിഞ്ഞ നവംബറിൽ പുനർവിന്യാസത്തിന് ലാൻഡ് റവന്യൂ കമ്മിഷണർക്ക് നിർദേശം നൽകി. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസുകൾ തിരുവനന്തപുരത്തെ ഔട്ടർ റിങ് റോഡിന്റെ ഭൂമി ഏറ്റെടുക്കൽ യൂണിറ്റുകളാക്കി. പത്തനംതിട്ട ജില്ലാ ഓഫീസ് കിഫ്ബി ഭൂമി ഏറ്റെടുക്കൽ ഓഫീസാക്കി.