സന്ദീപ് വാര്യരെ തൃത്താലയിലേക്കും ശോഭയെ ചാത്തന്നൂരിലും പരിഗണിക്കുന്നു

തിരുവനന്തപുരം: പ്രതീക്ഷ വെച്ച്‌ പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ഥികള്‍ വേണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുത്ത യോഗത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വം പട്ടികയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍ മല്‍സരിക്കണമെന്നാണ് കേന്ദ്ര നേതാക്കള്‍ക്കളുടെ നിലപാട്. നേമത്ത് കുമ്മനം രാജശേഖരന് തന്നെയാണ് പ്രഥമ പരിഗണനയെങ്കിലും മല്‍സരം മുറുകിയാല്‍ സുരേഷ് ഗോപിക്ക് നറുക്ക് വീഴാനിടയുണ്ട്. കേന്ദ്ര മന്ത്രി വി മുരളീധരന്‍ സ്ഥാനാര്‍ഥിയാകാനിടയില്ല.ഒന്‍പത് എ ക്ലാസ് മണ്ഡലങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച പാടില്ല. മറ്റ് പ്രധാന മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടം കാഴ്ച്ചവയ്ക്കണം. ഇന്നലെ രാത്രി നടന്ന ചര്‍ച്ചയില്‍ സംസ്ഥാന നേതാക്കള്‍ക്ക് ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയ കര്‍ശന നിര്‍ദേശമിതാണ്

115 മണ്ഡലങ്ങളിലാണ് ബിജെപി മല്‍സരിക്കുക. പാര്‍ട്ടിയുടെ പ്രമുഖ വനിത നേതാവെന്ന നിലയില്‍ ശോഭ സുരേന്ദ്രന്‍ മല്‍സരരംഗത്തുണ്ടാകണമെന്ന താല്‍പര്യമാണ് കേന്ദ്ര നേതാക്കള്‍ പ്രകടിപ്പിച്ചത്. സംസ്ഥാന നേതൃത്വത്തിന്‍റെ സാധ്യത പട്ടികയില്‍ ശോഭ സുരേന്ദ്രന്‍റെ പേരില്ലായിരുന്നു. കഴക്കൂട്ടത്ത് മല്‍സരിക്കാനാണ് ശോഭ സുരേന്ദ്രന് താല്‍പര്യം. ചാത്തന്നൂരിലും പരിഗണിക്കുന്നുണ്ട്.

സന്ദീപ് വാരിയരെ തൃത്താലയില്‍ മല്‍സരിപ്പിച്ചേക്കും. ആര്‍ ബാലശങ്കര്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകുന്നതിലും ചര്‍ച്ച നടക്കുകയാണ്. സി.കെ ജാനു പട്ടികയിലുണ്ടാകുമോയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വൈകീട്ട് യോഗം ചേര്‍ന്ന് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും.