അച്ഛനും മകനും തലയ്‌ക്ക് വെട്ടേറ്റു, സംഭവം പത്തനംതിട്ടയിൽ, അയൽവാസി ഒളിവിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ അച്ഛനും മകനും തലയ്‌ക്ക് വെട്ടേറ്റു. റാന്നിയിലാണ് സംഭവം. പൊന്നമ്പാറ സ്വദേശി സുകുമാരനും മകൻ സുനിലിനുമാണ് വെട്ടേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. അയൽവാസിയായ പ്രസാദ് ആണ് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതി ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

അതേസമയം, തൃശൂരിൽ കുപ്രസിദ്ധ ഗുണ്ട ഡൈമൺ എന്ന ജിനുജോസിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള രണ്ട് വധശ്രമം, ഇരട്ട കൊലപാതകം എന്നിങ്ങനെ ഒമ്പത് കേസുകളിലാണ് ജിനു പ്രതി. മരണ വീട്ടിൽ സംഘർഷം നടന്നുവെന്നറിഞ്ഞ് സ്ഥലത്തെത്തിയ ചേർപ്പ് പോലീസ് സ്‌റ്റേഷനിലെ സുനിൽ കുമാറിനെ തലയ്‌ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു.

ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങാനിരിക്കവെയാണ് കാപ്പ ചുമത്തിയത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ തൃശൂർ ജില്ല കളക്ടർ കൃഷ്ണ തേജ തടങ്കലിന് ഉത്തരവിടുകയായിരുന്നു.