ബയോ മൈനിങ് കരാറെടുത്ത സോണ്‍ഡ ഇന്‍ഫ്രാടെക് പുസ്തക വില്‍പനക്കാരന് ഉപകരാർ നൽകി.

കൊച്ചി . ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ ബയോ മൈനിങ് നടത്താന്‍ കരാറെടുത്ത സോണ്‍ഡ ഇന്‍ഫ്രാടെക് അനധികൃതമായി ഉപകരാര്‍ നല്‍കിയെന്ന ഗുരുതരമായ അഴിമതിക്കഥ പുറത്ത്. മാലിന്യസംസ്കരണവുമായി യാതൊരു ബന്ധമോ, പരിചയമോ ഇല്ലാത്ത വർക്കാണ് ഈ ഉപകരാർ നൽകുന്നത്. മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയില്‍ നിയമപുസ്തക വില്‍പന നടത്തുന്ന വ്യാപാരിയും അയാളുടെ സുഹൃത്തും ചേർന്നാണ് ഈ ഉപ കരാർ എടുത്തിരിക്കുന്നത്.

മാലിന്യസംസ്കരണവുമായി ബന്ധപെട്ടു യാതൊരു മുന്‍പരിചയവുമില്ലാത്തവര്‍ക്ക് ഉപകരാര്‍ നല്‍കിയതിനു പിന്നില്‍ മേയര്‍ എം.അനില്‍കുമാറാണെന്നും ടോണി ആരോപിച്ചിട്ടുണ്ട്. ഹൈക്കോടതി നേരിട്ടെടുത്ത കേസില്‍ കക്ഷിചേരുമെന്നും ടോണി ചമ്മിണി പറഞ്ഞിട്ടുണ്ട്. അതേസമയം, ബ്രഹ്‌മപുരം മാലിന്യ ശേഖരണ പ്ലാന്റ് തീപിടിത്തത്തില്‍ അധികൃതർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഹൈക്കോടതി ജില്ലാ കളക്ടര്‍ രേണു രാജിനോട് ബുധനാഴ്ച കോടതിയില്‍ ഹാജരാവാൻ നിർദേശിച്ചിട്ടുണ്ട്.

സര്‍ക്കാരും കൊച്ചി കോർപറേഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരിക്കെയാണ് ജില്ലാ കളക്ടർ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാൻ കോർപറേഷന്‍ സെക്രട്ടറി എന്നിവരോട് നേരിട്ട് ഹാജരാകാൻ കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനിടെ, തീപിടിത്തം അന്വേഷിക്കാന്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കിയതായിട്ടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ച് തൽക്കാലം തടി തപ്പിയിരിക്കുന്നത്.