മേഘ്‍നയുടെ കുഞ്ഞിന് സമ്മാനമായി പ്രത്യേക തൊട്ടിൽ, തൊട്ടിലിന്റെ പ്രത്യേകത ഇങ്ങനെ

നടി മേഘ്‍നയ്‍ക്കും അന്തരിച്ച നടൻ ചിരഞ്‍ജീവി സര്‍ജയ്‍ക്കും അടുത്തിടെയായിരുന്നു ഒരു കുഞ്ഞ് ജനിച്ചത്. ചിരഞ്ജിവിയുടെ നിര്യാണത്തിന് ശേഷം കുടുംബത്തിന് വലിയ സന്തോഷം നൽകിയ വാർത്തയായിരുന്നു കുഞ്ഞിന്റെ ജനനം. സ്വന്തം വീട്ടിലെ കുഞ്ഞിനെ പോലെയാണ് ആരാധകര്‍ എല്ലാം കാണുന്നത്. അകാലത്തിലുള്ള ചിരഞ്‍ജീവി സര്‍ജയുടെ മരണം എല്ലാവരെയും ഞെട്ടിച്ചിരുന്നു. കുഞ്ഞിന് സമ്മാനമായി പ്രത്യേക തൊട്ടിലാണ് ഇപ്പോൾ ഒരുങ്ങുന്നത്. കര്‍ണാടകയിലെ ധര്‍വാഡ് ജില്ലയിലെ കലഘട്‍ഗിയില്‍ നിന്നുള്ള ശില്‍പ്പികള്‍ നിര്‍മിച്ച പ്രത്യേക തൊട്ടിലാണ് ചിരഞ്‍ജീവിയുടെയും മേഘ്‍നയുടെയും കുഞ്ഞിനായി സമ്മാനിക്കുക.

ചിരഞ്‍ജീവിയോടും മേഘ്‍നയോടുള്ള സ്‍നേഹത്തിന്റെ സൂചനയായിട്ടാണ് തൊട്ടി സമ്മാനിക്കുന്നത്. ശ്രീകൃഷ്‍ണന്റെ ജീവിതത്തിലെ ദൈവീക സവിശേഷതകളും ഉള്‍ക്കൊള്ളിച്ചാണ് തൊട്ടില്‍ ഒരുങ്ങുന്നത്. ഹാവേരി ജില്ലയില്‍ നിന്നുള്ള സ്‍ത്രീ ശക്തി സേവ ഓര്‍ഗനൈസേഷന്റെ പ്രസിഡന്റ് വനിതയാണ് ചിരഞ്ജീവിയുടെ കുഞ്ഞിനായുള്ള തൊട്ടില്‍ ഒരുക്കുന്നതിനായി മുന്നോട്ടിറങ്ങിയത്.

കുഞ്ഞ് ജനിച്ചതിനാല്‍ അത് ചിരഞ്‍ജീവി സര്‍ജയുടെ പ്രതിരൂപമായി കാണുന്നവര്‍ പോലുമുണ്ട്. ചിരഞ്ജീവി സര്‍ജയുടെ ആഗ്രഹം പോലെ ചിരിച്ചുകൊണ്ട് താൻ ജീവിക്കുമെന്ന് മേഘ്‍ന പറഞ്ഞിരുന്നു. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങും ഗംഭീരമായി നടത്താനാണ് ആലോചന. കുഞ്ഞിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിരഞ്‍ജീവി സർജയുടെ അനുജൻ ധ്രുവ് ഒന്നരലക്ഷം രൂപ കൊടുത്ത് വാങ്ങിയ തൊട്ടിയും വാർത്തകളിൽ ഇടം നേടിയിരുന്നു.