മണിമലയാറ്റില്‍ ചാടിയ വില്ലേജ് ഓഫീസറെ സാഹസികമായി രക്ഷിക്കാന്‍ ശ്രമിച്ച് അഥിതി തൊഴിലാളി, ഒടുവില്‍ കൈവിട്ടു പോയി

മണിമല: മണിമലയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ രക്ഷിക്കാന്‍ അഥിതി തൊഴിലാളി നടത്തിയ ശ്രമം വിഫലമായി. സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ എന്‍ പ്രാശ് ആണ് ആറ്റില്‍ ചാടിയത്. ഇതുകണ്ട് പിന്നാലെ ചാടിയ അഥിതി തൊഴിലാളി യാനൂസ് പ്രകാശിന്റെ കൈ പിടിച്ചു വെള്ളത്തിലൂടെ വലിച്ചുകൊണ്ടു നീന്തിയെങ്കിലും ഒടുവില്‍ കൈ വിട്ടു പോയി. അസം ഗുവഹത്തി സ്വദേശിയായ യാനുസ് രണ്ടര വര്‍ഷമായി മണിമല കാരന്താനത്ത് ടോണി വിന്‍സന്റിന്റെ ചിക്കന്‍ സെന്ററില്‍ ജോലി ചെയ്ത് വരികയാണ്.

ശമ്പളം ബാങ്കിലിടാന്‍ ചെറിയ പാലം വഴി യാനുസ് പോകവെയാണ് വലിയ പാലത്തില്‍ നിന്നും ആരോ ആറ്റില്‍ ചാടുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇത് കണ്ടതോടെ കയ്യിലുണ്ടായിരുന്ന പണം സുരക്ഷിതമായി വെച്ച ശേഷം യാനുസ് പിന്നാലെ ചാടി. നീന്തല്‍ നന്നായി വശമുള്ള യാനുസ്, ഒഴുക്കില്‍ പെട്ടു മുങ്ങി താണ പ്രകാശിനെ 50 മീറ്ററോളം വലിച്ചുകൊണ്ടു വന്നു. എന്നാല്‍ ശക്തമായ ഒഴുക്കില്‍ യാനുസിന്റെ പിടിയില്‍ നിന്നും പ്രകാശനെ വിട്ടുപോയി ആഴങ്ങളിലേക്ക് മാഞ്ഞു.

സഹായത്തിന് ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പ്രകാശിനെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നെന്നു യാനുസ് പറയുന്നു. മണിമല പാലത്തിനു സമീപം അടിയൊഴുക്ക് കൂടുതലാണ്. പാലത്തില്‍ നിന്ന് ആറ്റിലേക്കു 30 അടിയിലേറെ താഴ്ചയുണ്ട്.

ഇന്നലെ രാവിലെ 10നാണ് സംഭവം ഉണ്ടായത്. പാലത്തില്‍ നിന്ന് പ്രകാശ് ആറ്റിലേക്കു ചാടുകയായിരുന്നു. ഈ സമയം വലിയ പാലത്തിനു താഴെയുള്ള കൊച്ചുപാലത്തിലൂടെ നടന്നു പോവുകയായിരുന്നു അസം സ്വദേശി യാനുസ്. സംഭവം കണ്ട് യാനുസും ആറ്റിലേക്കു ചാടി. പ്രകാശിന്റെ കയ്യില്‍ പിടികിട്ടിയെങ്കിലും ശക്തമായ കുത്തൊഴുക്കില്‍ പിടിവിട്ടു. പ്രകാശ് ഒഴുകിപ്പോയതോടെ യാനുസ് തിരിച്ചു നീന്തി. ആറ്റില്‍ തടയണയുള്ളതിനാല്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്. വൈകുവോളം നാട്ടുകാരും അഗ്‌നിരക്ഷാസേനയും പൊലീസും ആറ്റില്‍ തിരച്ചില്‍ നടത്തി. ഇന്ന് നേവി തിരച്ചിലിന് എത്തും. ഭാര്യ: അമ്പിളി. മകള്‍: പൂജാ ലക്ഷ്മി.