ശ്രീനിവാസൻ വധം; പോപ്പുലർ ഫ്രണ്ട് നേതാവ് യഹിയ തങ്ങള്‍ അറസ്റ്റിൽ

പാലക്കാട് : ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ കൊലപാതക കേസില്‍ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന കൗൺസിൽ അംഗം യഹിയ തങ്ങൾ അറസ്റ്റിൽ. കേസിൽ 45-ാം പ്രതിയാണ് തങ്ങൾ. യു.എ.പി.എ കേസിൽ വിയ്യൂർ ജയിലിൽ യഹിയ തങ്ങൾ റിമാൻഡിലായിരുന്നു. അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയാണ് ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങിയത്.

കേസില്‍ നവംബർ ഏഴിന്, പിഎഫ്ഐ ഏരിയ പ്രസിഡൻ്റ് അൻസാർ, അഷറഫ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു. ഇരുവരും ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിവീണത്. കേസില്‍ എസ്‍ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം അമീർ അലിയെയും അറസ്റ്റ് ചെയ്തിരുന്നു.

ഗൂഢാലോചന, പ്രതികളെ സഹായിക്കൽ, തെളിവ് നശിപ്പിക്കൽ കുറ്റത്തിനാണ് അമീര്‍ അലിയെ അറസ്റ്റ് ചെയ്തത്. ശ്രീനിവാസൻ കൊലപാതകത്തിന് തലേദിവസവും അതേദിവസവും പാലക്കാട് ജില്ലാ ആശുപത്രിയിൽ നടന്ന ഗൂഢാലോചനയിൽ അമീർ അലി മുഖ്യപങ്ക് വഹിച്ചതായി കണ്ടെത്തിയിരുന്നു. ഈ വർഷം ഏപ്രിൽ 16 ന് ആയിരുന്നു മേലാമുറിയിലെ കടയിൽ കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്.