വീട്ടിലെ പുതിയ വിശേഷം, സന്തോഷ വാര്‍ത്ത പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങുകയാണ് നടി ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക് ഷോയില്‍ എത്തിയതോടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് നടി. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും മറ്റും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ജീവിതത്തിലെ പുതിയ സന്തോഷവും ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് ശ്രീവിദ്യ.

തന്റെ വീട്ടിലെ പുത്തന്‍ വിശേഷത്തെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ ശ്രീവിദ്യ. ശ്രീവിദ്യയുടെ സഹോദരന്‍ ശ്രീകാന്തിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. രണ്ട് ദിവസം മുന്‍പ് ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു മാലാഖ വന്നു എന്നാണ് ശ്രീവിദ്യ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് ശ്രീവിദ്യയുടെ പോസ്റ്റിന് താഴെ വധൂവരന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

ചുവപ്പുനിറത്തിലുള്ള പട്ടുസാരിയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ചിത്രങ്ങളാണ് ശ്രീവിദ്യ പങ്കുവെച്ചിരിക്കുന്നത്. നെറ്റിച്ചുട്ടിയും സാരിയ്ക്ക് ചേരുന്ന ആഭരണങ്ങളുമാണ് ശ്രീവിദ്യ ധരിച്ചിരിക്കുന്നത്. മിനിമല്‍ മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് ശ്രീവിദ്യ നവവധുവായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. നടി തന്നെയായിരുന്നു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നായികയായി എത്തുന്ന വെബ് സീരീസിന് വേണ്ടിയായിരുന്നു താരം വധുവായി അണിഞ്ഞൊരുങ്ങിയത്.