സ്വപ്ന അനാഥായാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി, അറസ്റ്റ് ചെയ്താല്‍ പകരം ആയിരം അഭിഭാഷകരെ ഇറക്കും.

 

കോഴിക്കോട്/ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിനെ അറസ്റ്റ് ചെയ്താല്‍ പകരം ആയിരം അഭിഭാഷകരെ ഇറക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്ന അനാഥായാകുമെന്ന് കരുതിയവര്‍ക്ക് തെറ്റിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്റെ മുന്നറിയിപ്പ്.

അഡ്വ. കൃഷ്ണരാജിനെതിരെ കള്ളക്കേസ്സെടുത്ത സര്‍ക്കാര്‍ തീരുമാനം നിന്ദ്യവും നീചവുമായ പ്രതികാരനടപടിയാണെന്ന് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഷാജ് കിരണ്‍ എന്ന ഇടനിലക്കാരന്‍ കൃഷ്ണരാജിനെ പൂട്ടുമെന്ന് പറയുന്ന ഓഡിയോ ക്‌ളിപ്പ് പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ അതു സംഭവിച്ചതോടുകൂടി കാര്യങ്ങള്‍ എല്ലാവര്‍ക്കും ബോധ്യപെടുകയായിരുന്നു.

സ്വപ്നാ സുരേഷിന് നിയമപരമായി കോടതികളെ സമീപിക്കാനുള്ള അവകാശം അഡ്വ. കൃഷ്ണരാജിനെ അറസ്റ്റ് ചെയ്യുന്നത് വഴി ഇല്ലാതാക്കാമെന്നായിരിക്കും സര്‍ക്കാര്‍ കരുത്തിയത്. അത് ഒരു പരിഷ്‌കൃതസമൂഹത്തിനും അംഗീകരിക്കാനാവുന്ന കാര്യമല്ല. കൊടും ഭീകരര്‍ക്കുപോലും കോടതികളില്‍ വക്കീലിനെ വെച്ച് വാദിക്കാനുള്ള അവകാശമുള്ള നാടാണിത്. ഏതായാലും സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും കേരളത്തില്‍ അഭിഭാഷകരെ കിട്ടാതെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് തോന്നുന്നില്ലെന്നും സുരേന്ദ്രന്‍ പറയുകയുണ്ടായി.

അതേസമയം, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഒളിവിൽ പോയ ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചനക്കേസില്‍ തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ഷാജി കിരൺ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.