‘വിസ്മയ കേസിലെ വിധി കേരള സമൂഹത്തിനുള്ള താക്കീത്’; സ്വാഗതം ചെയ്ത് വനിതാ കമ്മീഷന്‍

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരായ വിധി സ്ത്രീധനത്തിനെതിരെ ശക്തമായ താക്കീതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. വിവാഹകമ്പോളത്തിലെ വിൽപ്പന ചരക്കാണ് എന്ന കാഴ്ചപ്പാടിനുള്ള താക്കീതാണിത്. ഉചിതമായ വിധിയെന്നും വനിതാ കമ്മിഷൻ പ്രതികരിച്ചു. ‘അന്യന്റെ വിയര്‍പ്പ് ഊറ്റി അത് സ്ത്രീധനമായി വാങ്ങി കൊണ്ട് സുഖലോലുപരായി ജീവിതം നയിക്കാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്കുള്ള ശക്തമായ പാഠമാകണമെന്ന് ‘ വനിതാ കമ്മീഷന്‍ അധ്യക്ഷ പ്രതികരിച്ചു.

നമ്മുടെ പെണ്‍കുട്ടികളെ ബാധ്യതയായി കണ്ട് ആരുടേയെങ്കിലും തലയില്‍ വെച്ചുകെട്ടുന്നതിന് വേണ്ടിയുള്ള സമീപനം മാറ്റണം. പെണ്‍കുട്ടികള്‍ പൗരരാണ്. സമഭാവനയുടെ അന്തരീക്ഷം കുടുംബത്തില്‍ ഉണ്ടാവണെന്നും അവർ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിനൊപ്പം രാഷ്ട്രത്തിന്റെ സമ്പത്തായി വളര്‍ത്തി എടുക്കണമെന്നും സ്ത്രീപക്ഷ നിലപാടാണ് സര്‍ക്കാരിന്റേതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചർത്തു പ്രതി കിരണ്‍കുമാറിന് പത്ത് വര്‍ഷം കഠിന തടവ് വിധിച്ചതിന് പിന്നാലെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം.