ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട പെണ്ണിന് വാടക വീട് കിട്ടാന്‍ ബുദ്ധിമുട്ടാണ്, ഒറ്റയ്ക്ക് വീടെടുത്ത് അവിഹിതം നടത്തിക്കളയും എന്ന ഭയം ആണ് എല്ലാവര്‍ക്കും

വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. നേരത്തെ വിസ്മയയും പിതാവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. ഞാന്‍ ഇനിയും ഇവിടെ നില്‍ക്കില്ല, നിന്നാല്‍ ഞാന്‍ ഉണ്ടാകില്ല എന്ന് വിസ്മയ പറയുന്നതായിരുന്നു ഓഡിയോ. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മൃദുലദേവി. ബന്ധം ഉപേക്ഷിച്ചു വന്ന് നില്‍ക്കുന്ന പെണ്‍കുട്ടികളുടെ വീട്ടിലെ സഹോദരങ്ങള്‍ക്ക് വിവാഹം നടക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ മാതാപിതാക്കള്‍ എനിക്ക് നിന്റെ കാര്യം മാത്രം നോക്കിയാല്‍ പോരല്ലോ എന്ന് പറഞ്ഞു കയ്യൊഴിയും. നമ്മള്‍ ആധുനികമാവുകയും സിസ്റ്റം പഴഞ്ചന്‍ ആയി നിലനില്‍ക്കുകയും ചെയ്തിട്ട് കാര്യമില്ല.- മൃദുല കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, കല്യാണം / ലിവിങ് ടുഗതര്‍ ഒക്കെ ആവുന്നതിനു മുന്‍പ് പെണ്‍കുട്ടികള്‍ രണ്ട് സെന്റ് എങ്കിലും ഉള്ള ഒരു വീട് വക്കുവാന്‍ ശ്രമിക്കണം.പെണ്ണുങ്ങളെ വീട്ടില്‍ നിന്നും ഒരു പുരുഷനൊപ്പം അയയ്ക്കുന്നത് തന്നെ ‘നിനക്കിനിയൊരു ഭര്‍ത്താവായി. ഇനിയെല്ലാം നിങ്ങള്‍ തീരുമാനിച്ചു ചെയ്യുക’ എന്ന് പറഞ്ഞു കൊണ്ടാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറക്കി വിട്ടാല്‍, അവിടെ നില്‍ക്കാന്‍ വയ്യാതെ വന്നാല്‍ ആ പെണ്ണിനെ സ്വന്തം വീട്ടുകാര്‍ കയ്യേല്‍ക്കില്ല. അവര്‍ക്കു അവരുടെ അന്തസ്, മറ്റു മക്കളുടെ ഭാവി ഒക്കെ നോക്കി മാത്രമേ ഒറ്റപ്പെട്ടുപോയ മകളെ രക്ഷിക്കാന്‍ കഴിയു. അതേ സമയം അവള്‍ സ്വന്തമായി ഒരു വീട് ഉണ്ടാക്കിയിട്ടാല്‍ ആരുടെയും കാല് പിടിക്കാതെ അവിടെ കഴിയാം. പറയുന്നത്ര ഈസി അല്ലെങ്കിലും അത്തരം മുന്നൊരുക്കങ്ങള്‍ പെണ്‍കുട്ടികള്‍ ചെയ്യേണ്ടതുണ്ട്..തൊഴിലിടങ്ങളില്‍ പ്രശ്‌നം ഉണ്ടാകുമ്പോഴും ഒന്ന് ഒറ്റയ്ക്ക് ജീവിക്കുവാന്‍ ശ്രമിക്കുന്ന പെണ്ണുങ്ങള്‍ക്ക് വാടകവീട് കിട്ടാന്‍ പ്രയാസം ആണ്. ഡോട്ടര്‍ ഓഫ് /വൈഫ് ഓഫ് എന്ന് കണ്ടില്ലെങ്കില്‍ കാശ് കൊടുത്താലും തല ചായ്ക്കാന്‍ ഇടം കിട്ടാന്‍ പ്രയാസം ആണ്.

ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട പെണ്ണിന് വാടക വീട് കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഒറ്റയ്ക്ക് വീടെടുത്ത് അവിഹിതം നടത്തിക്കളയും എന്ന ഭയം ആണ് എല്ലാവര്‍ക്കും.സ്വന്തം വീട്ടുകാര്‍ അഭയം തരാന്‍ സാധ്യത കുറവാണ്. നിനക്ക് തരാന്‍ ഉള്ളത് മുഴുവന്‍ തന്നു കഴിഞ്ഞു. ഇനി ഞങ്ങളുടെ ചുമതല അല്ല എന്ന് അവര്‍ നൈസ് ആയി കൈകഴുകും. ഇതിനെയൊക്കെ മറി കടന്നു വീട്ടില്‍ നില്‍ക്കാന്‍ അനുവാദം നല്‍കിയാലും കണക്കു കേട്ടു നീറി നീറി കഴിയേണ്ടി വരും.

വിസ്മയയുടെ പുതിയ ഓഡിയോ ക്ലിപ് കേട്ടു. അച്ഛന്‍ മകളോട് വരാന്‍ പറയുന്നുണ്ടെങ്കിലും അത് ഒരു ശക്തമായ പറച്ചില്‍ അല്ല. ഇതൊക്കെയാണ് ജീവിതം, അങ്ങനെ ഒന്നുമുണ്ടാവില്ല എന്നൊക്കെ അശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.വിസ്മയയുടെ അച്ഛന്‍ കൈയ്യേല്‍ക്കാത്തതും അത്തരം സിസ്റ്റം ഉള്ളതുകൊണ്ട് കൂടിയാണ്. കെട്ടിച്ചയച്ച മകള്‍ വീട്ടില്‍ വന്ന് നിന്നാല്‍ അന്തസ് തകരും എന്ന് ഓരോ മാതാപിതാക്കളും വിശ്വസിക്കുന്നു.മകളെ കെട്ടിയോന്‍ ഉപേക്ഷിച്ചു അല്ലേ എന്നുള്ള തരം പരിഹാസം കലര്‍ന്ന ചോദ്യം പേടിച്ചു കല്യാണങ്ങള്‍ക്കോ, മരണങ്ങള്‍ക്കോ പോകാത്ത ജീവിതങ്ങള്‍ ഉണ്ട്. അവരുടെ മകള്‍ ദേ കെട്ടും പൊട്ടിച്ചു വന്ന് നില്‍പ്പുണ്ട്.എന്ന് കളിയാക്കുന്ന നാമൊക്കെ ഉള്‍പ്പെട്ട സമൂഹം കൂടിച്ചേര്‍ന്നാണ് ഒറ്റപ്പെട്ടു പോയ മകളെ സ്വീകരിക്കാന്‍ അവരെ തടയുന്നത്. ബന്ധം ഉപേക്ഷിച്ചു വന്ന് നില്‍ക്കുന്ന പെണ്‍കുട്ടികളുടെ വീട്ടിലെ സഹോദരങ്ങള്‍ക്ക് വിവാഹം നടക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ മാതാപിതാക്കള്‍ എനിക്ക് നിന്റെ കാര്യം മാത്രം നോക്കിയാല്‍ പോരല്ലോ എന്ന് പറഞ്ഞു കയ്യൊഴിയും.

നമ്മള്‍ ആധുനികമാവുകയും സിസ്റ്റം പഴഞ്ചന്‍ ആയി നിലനില്‍ക്കുകയും ചെയ്തിട്ട് കാര്യമില്ല. കാലത്തിനനുസരിച്ചു നീങ്ങുന്ന സമൂഹങ്ങള്‍ക്കകത്ത് മാത്രമേ മികച്ച ആശയങ്ങള്‍ ഉടലെടുക്കു.സമൂഹത്തിനു മാറ്റങ്ങള്‍ വരുത്തുന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കണം. യഥാസ്ഥിതിക ചിന്തകള്‍ മാറ്റാന്‍ ഉതകുന്ന തരത്തിലുള്ള സിനിമകള്‍ ഉണ്ടാവണം. ജീവിതത്തെ പോസിറ്റീവ് ആയി കൊണ്ടുനടക്കുന്ന അതിജീവിതരുടെ കഥകള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണം. മോശം സിസ്റ്റത്തിനകത്തു ജീവിക്കുന്ന മാതാപിതാക്കള്‍ എടുത്ത തീരുമാനം തെറ്റെങ്കിലും സിസ്റ്റത്തെ എതിര്‍ക്കുവാനുള്ള കരുത്തില്ലാത്തതിനാല്‍ എന്ന് തന്നെ വിശ്വസിക്കുന്നു. ഇനിയും അത്തരം അവസ്ഥകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അന്തസ് ഓര്‍ത്തു ആരെങ്കിലും സ്വന്തം മക്കളുടെ കണ്ണീര്‍ കണ്ടില്ലെന്നു നടിക്കുന്നെങ്കില്‍ ഓര്‍ക്കുക അതിലും വലുത് നിങ്ങളുടെ കുഞ്ഞിന്റെ ജീവന്‍ ആണ്. വിസ്മയയ്ക്ക് നീതി ലഭിക്കട്ടെ!