എകെജി സെന്റർ ബോംബാക്രമണത്തിനു പിന്നാലെ സംസ്ഥാനവ്യാപക പ്രതിഷേധം, കല്ലേറും ഉന്തും തള്ളുമുണ്ടായി

എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രണത്തിന് പിന്നാല സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം. തിരുവനന്തപുരത്തും ആലപ്പുഴയിലും, പത്തനംതിട്ടയിലും, കോഴിക്കോടും ഡിവെെഎഫ്ഐ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കോട്ടയത്തും, അടൂരിലും തിരുവല്ലയിലും സിപിഐഎമ്മിന്റെ പ്രതിഷേധം നടന്നു. കോട്ടയത്ത് ഡിസിസി ഓഫീസിന് നേരെ കല്ലേറ് ഉണ്ടായി. കല്ലേറിൽ ഓഫീസിന്റെ ജനൽചില്ലുകൾ തകർന്നു. സിപിഐഎം നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം. പത്തനംതിട്ടയിൽ പൊലീസും ഡിവെെഎഫ്ഐ പ്രവർത്തകരും തമ്മിൽ ഉന്തും തളളുമുണ്ടായി. ആലപ്പുഴ നഗരത്തിലെ ഇന്ധിരാ ഗാന്ധി പ്രതിമയുടെ കെെ തകർത്തു. ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമുള്ള പ്രതിമയുടെ കൈയ്യാണ് തകർത്തത്.

എകെജി സെന്ററിൽ പ്രവർത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കൽ ഭിത്തിയിലേക്കാണ് ഇരുചക്രവാഹനത്തിലെത്തിയ യുവാവ് ബോംബ് എറിഞ്ഞത്. ഇന്നലെ രാത്രി 11.25നാണ് ബോംബെറിഞ്ഞത്. എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലാണ് ബോംബ് വീണത്. സ്ഫോടനം നടന്നതിന്റെ വലിയ ശബ്ദം കേട്ടാണ് പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തിയത്. ബോംബെറിയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് കമ്മീഷണർ സ്പർജൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, ഇപി ജയരാജൻ, പികെ ശ്രീമതി തുടങ്ങിയ മുതിർന്ന നേതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. ആക്രമണത്തെ സിപിഐഎം ശക്തമായി അപലപിച്ചു.