കാമ്പസിലെ നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

തേഞ്ഞിപ്പലം: നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ നീന്തൽകുളത്തിലാണ് അപകടം ഉണ്ടായത്. എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥി എടവണ്ണ സ്വദേശി ഷെഹനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം .

ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തിന് പിന്നാലെ കാമ്പസില്‍ വലിയരീതിയിലുള്ള ആഘോഷങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ മതില്‍ ചാടിക്കടന്ന് നീന്തല്‍ക്കുളത്തിലും എത്തി. ഇതിനിടെയാണ് ഷെഹനും അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് ഷെഹനെ നീന്തല്‍ക്കുളത്തില്‍നിന്ന് പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ വൈകി.

പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധിപേര്‍ പുലര്‍ച്ചെ സമയത്ത് നീന്തല്‍ക്കുളത്തിലെത്തിയെന്നാണ് വിവരം. ഇതിനിടെയാണ് അപകടം ഉണ്ടായത്.