ഭർത്താവിന് ഞാനും മക്കളുമുണ്ടെന്ന ചിന്തയില്ലായിരുന്നു, ദൈവത്തെ മുറുകെപ്പിടിച്ചു- സുബ്ബലക്ഷ്മി അന്ന് പറഞ്ഞത്

മലയാളി സിനിമാ പ്രേക്ഷകർക്ക് സുബ്ബലക്ഷ്മി എന്നാൽ നന്ദനത്തിലെ വേശാമണിയമ്മാളും കല്യാണ രാമനിലെ മുത്തശ്ശിയും എല്ലാമാണ്. ജീവിതത്തിൽ അതിനേക്കാൾ മനോഹരമായ മുത്തശ്ശിയായി ഒരു ജീവിതകാലം ചിലവിട്ട അമ്മൂമ്മയാണ് അവർ. മുമ്പൊരിക്കൽ തന്റെ ജീവിതത്തെക്കുറിച്ച് സുബ്ബലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

കല്യാണം കഴിഞ്ഞ ശേഷം ഭർത്താവ് എല്ലാ സിനിമയ്ക്കും കൊണ്ടുപോകും. പുള്ളിക്ക് ഇം​ഗ്ലീഷ് സിനിമകൾ വളരെ ഇഷ്ടമാണ്. സിനിമ എനിക്ക് വളരെ ഇഷ്ടമായിരുന്നു. പെണ്ണുങ്ങളൊക്കെ ഒരുങ്ങി നിൽക്കുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. എത്ര നന്നായി കണ്ണെഴുതിയിരിക്കുന്നു എന്നൊക്കെ തോന്നും. കൊച്ചുകുട്ടിയല്ലേ. പിന്നെ അതൊന്നും വലിയ കാര്യമായി വിചാരിച്ചില്ല.

കാരണം കുടുംബവും കുട്ടികളുമായി. കാലത്ത് അഞ്ച് മണിക്ക് എഴുന്നേറ്റാൽ ഭർത്താവിന് ഓഫീസിൽ പോകാനെല്ലാം ഉണ്ടാക്കണം, കുട്ടിയെ നോക്കണം, വീട്ടുകാര്യം നോക്കണം. പിന്നെ കുട്ടികളൊക്കെ വലുതായി. കല്യാണം കഴിഞ്ഞ ശേഷമുള്ള ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളായിരുന്നു. 53 ൽ കല്യാണം കഴിഞ്ഞു. 57 ൽ ആദ്യത്തെ കുട്ടിയും. പിന്നെ അങ്ങോ‌ട്ട് ജീവിതം തന്നെ ഒരുമാതിരിയായിപ്പോയി. പല പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും ഭർത്താവിന്റെ വീട്ടിലെ കാര്യങ്ങളുമെല്ലാം.

ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം വന്നു. കാരണം എന്ത് ചെയ്താലും പരാജയമാകും. എന്ത് ചെയ്താലും നമുക്ക് തടസമാണ്. അങ്ങനെ ആരായാലും മനസ് മുരടിക്കും. അദ്ദേഹത്തിന് കുട്ടികളും ഭാര്യയുമെന്ന യാതൊരു ചിന്തയും ഇല്ലാതായിപ്പോയി. ജീവിക്കണമെന്നോ ആ​ഹാരം കഴിക്കണമെന്നോ നമുക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നോ ഇല്ലാതായി.

അങ്ങനെ ഡിറ്റാച്ച് ആയപ്പോൾ എനിക്കൊരു വഴിയുമില്ലാതായി. മൂന്ന് കുട്ടികളെയും വളർത്തേണ്ടേ. ഈ രീതിയെ ഞാൻ എതിർക്കുകയോ വീട്ടിൽ അറിയിക്കുകയോ ചെയ്തില്ല. പറഞ്ഞാൽ എല്ലാം കളഞ്ഞ് വീട്ടിൽ വരാൻ പറയും. അതൊന്നും ശരിയല്ല എന്നെനിക്ക് തോന്നി. അമ്മയില്ലാതെ അവി‌ടെ വളർന്ന താൻ കുട്ടികളെയും തിരിച്ച് അവിടേക്ക് പോയാൽ എന്താകുമെന്ന് ചിന്തിച്ചു. എന്നും ആശ്രയിക്കേണ്ടി വരും. കൊച്ച് നാൾ മുതൽ ദൈവങ്ങളെ മാത്രമേ ഞാൻ മുറുകെ പിടിച്ചിട്ടുള്ളൂ.

സംഗീതജ്ഞയായിട്ടായിരുന്നു ആർ സുബ്ബലക്ഷ്‍മി കലാ രംഗത്ത് അരങ്ങേറിയത്. ജവഹർ ബാലഭവനിൽ ഡാൻസ് അധ്യാപകയായും സിനിമയ്‍ക്ക് മുന്നേ സുബ്ബലക്ഷ്‍മി പേരെടുത്തിരുന്നു. ഓൾ ഇന്ത്യ റേഡിയോയിൽ 1951ൽ ആർ സുബ്ബലക്ഷ്‍മി പ്രവർത്തനമാരംഭിച്ചിരുന്നു. ഡബ്ബിംഗ് ആർടിസ്റ്റായും സുബ്ബലക്ഷ്‍മി തിളങ്ങിയിരുന്നു.

സിനിമയിൽ അരങ്ങേറ്റം നന്ദനത്തിലൂടെയായിരുന്നു. വേശാമണി അമ്മാൾ എന്ന മുത്തശ്ശി കഥാപാത്രത്തിലൂടെ ആർ സുബ്ബലക്ഷ്‍മി പ്രേക്ഷകരുടെ ഹൃദയം കവർന്നു. ചിരിയിൽ തെല്ലൊരു നൊമ്പരവും ഉള്ളിലൊതുക്കുന്ന രംഗങ്ങളും ചിത്രത്തിൽ ആർ സുബ്ബലക്ഷ്‍മി മികവുറ്റതാക്കി. സുബ്ബലക്ഷ്‍മിയെ പ്രിയങ്കരിയാക്കിയ മറ്റൊരു മുത്തശ്ശി കഥാപാത്രം കല്യാണ രാമനിലേതായിരുന്നു. കാർത്ത്യായനിയായിരുന്നു സുബ്ബലക്ഷ്‍മി കല്യാണ രാമനിൽ. ഉണ്ണിക്കൃഷ്‍ണൻ നമ്പൂതിരിയുടെ മുത്തശ്ശൻ കഥാപാത്രവുമായുള്ള സുബ്ബലക്ഷ്‍മിയുടെ കെമിസ്‍ട്രി വർക്കായതും അവരുടെ ചിരി പടർത്തിയ വാർദ്ധക്യ പ്രണയും നിഷ്‍കളങ്കമായ നാണവും മോണകാട്ടിയുള്ള ചിരിയുമെല്ലാം കല്യാണ രാമന്റെ വിജയഘടകങ്ങളായിരുന്നു. വിജയ് നായകനായി പ്രദർശനത്തിനെത്തിയ ചിത്രം ബീസ്റ്റിലായിരുന്നു ആർ സുബ്ബലക്ഷ്‍മി അവസാനമായി വേഷമിട്ടത്.

ജാക്ക് ആൻഡ് ഡാനിയൽ മോഹൻലാൽ ചിത്രം റോക്ക് ആൻഡ് റോൾ എന്നിവയിൽ ഡബ്ബിംഗ് ആർടിസ്റ്റുമായി തിളങ്ങിയ ആർ സുബ്ബലക്ഷ്‍മി മലയാളത്തിനും തമിഴിനും പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്. സംസ്‍കൃതം തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, രുദ്ര സിംഹാസനം തുടങ്ങിയവയിൽ ഗായികയായും തിളങ്ങി ആർ സുബ്ബലക്ഷ്‍മി. ഭർത്താവ് കല്യാണകൃഷ്‍ണൻ. നടിയായ താരാ കല്യാൺ മകളാണ്.