ഭർത്താവ് പോയി, ഇപ്പോൾ അമ്മയും, ഞാൻ അനാഥയായി- താര കല്യാൺ

മലയാളി സിനിമാ പ്രേക്ഷകർക്ക് സുബ്ബലക്ഷ്മി എന്നാൽ നന്ദനത്തിലെ വേശാമണിയമ്മാളും കല്യാണ രാമനിലെ മുത്തശ്ശിയും എല്ലാമാണ്. ജീവിതത്തിൽ അതിനേക്കാൾ മനോഹരമായ മുത്തശ്ശിയായി ഒരു ജീവിതകാലം ചിലവിട്ട അമ്മൂമ്മയാണ് അവർ. അമ്മയുടെ വിയോഗത്തിൽ അനാഥമാക്കപ്പെട്ട നഷ്‌ടം തോന്നുന്നു എന്ന് മകൾ താര കല്യാൺ. സുബ്ബലക്ഷ്മിയുടെ ഏക മകളാണ് താര

തന്നെ ചേർത്ത് പിടിച്ച് അമ്മ ചുംബിയ്ക്കുന്ന ചിത്രത്തിനൊപ്പമാണ് താര കല്യാണിന്റെ പോസ്റ്റ്. ‘ഈ വേർപാടോടെ ഞാൻ അനാഥയായി’ എന്നണ് താര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നടിയെ ആശംസിച്ചും, സുബ്ബലക്ഷ്മിയമ്മയ്ക്ക് പ്രണാമമർപ്പിച്ചും നിരവധിപേരാണ് കമന്റ്‌ബോക്‌സിൽ എത്തുന്നത്.

താര കല്യാണിന്റെ അച്ഛൻ കല്യാണകൃഷ്ണൻ നേരത്തെ മരണപ്പെട്ടതാണ്. ഭർത്താവ് രാജറാം 2017 ൽ ആണ് മരണപ്പെട്ടത്. ഭർത്താവിന്റെ മരണ ശേഷം തീർത്തും ഒറ്റയ്ക്കുള്ള ജീവിതമാണ് താര കല്യാണിന്റേത്. മകൾ സൗഭാഗ്യയും കൊച്ചുമകളും എന്തിനും അടുത്തുണ്ടെങ്കിലും വീട്ടിൽ തനിച്ച് ജീവിക്കുന്നതിനെ കുറിച്ച് പലപ്പോഴും താര കല്യാൺ ഇമോഷണലായിട്ടുണ്ട്.

സംഗീതജ്ഞയായിട്ടായിരുന്നു ആർ സുബ്ബലക്ഷ്‍മി കലാ രംഗത്ത് അരങ്ങേറിയത്. ജവഹർ ബാലഭവനിൽ ഡാൻസ് അധ്യാപകയായും സിനിമയ്‍ക്ക് മുന്നേ സുബ്ബലക്ഷ്‍മി പേരെടുത്തിരുന്നു. ഓൾ ഇന്ത്യ റേഡിയോയിൽ 1951ൽ ആർ സുബ്ബലക്ഷ്‍മി പ്രവർത്തനമാരംഭിച്ചിരുന്നു. ഡബ്ബിംഗ് ആർടിസ്റ്റായും സുബ്ബലക്ഷ്‍മി തിളങ്ങിയിരുന്നു.

സിനിമയിൽ അരങ്ങേറ്റം നന്ദനത്തിലൂടെയായിരുന്നു. വേശാമണി അമ്മാൾ എന്ന മുത്തശ്ശി കഥാപാത്രത്തിലൂടെ ആർ സുബ്ബലക്ഷ്‍മി പ്രേക്ഷകരുടെ ഹൃദയം കവർന്നു. ചിരിയിൽ തെല്ലൊരു നൊമ്പരവും ഉള്ളിലൊതുക്കുന്ന രംഗങ്ങളും ചിത്രത്തിൽ ആർ സുബ്ബലക്ഷ്‍മി മികവുറ്റതാക്കി. സുബ്ബലക്ഷ്‍മിയെ പ്രിയങ്കരിയാക്കിയ മറ്റൊരു മുത്തശ്ശി കഥാപാത്രം കല്യാണ രാമനിലേതായിരുന്നു. കാർത്ത്യായനിയായിരുന്നു സുബ്ബലക്ഷ്‍മി കല്യാണ രാമനിൽ. ഉണ്ണിക്കൃഷ്‍ണൻ നമ്പൂതിരിയുടെ മുത്തശ്ശൻ കഥാപാത്രവുമായുള്ള സുബ്ബലക്ഷ്‍മിയുടെ കെമിസ്‍ട്രി വർക്കായതും അവരുടെ ചിരി പടർത്തിയ വാർദ്ധക്യ പ്രണയും നിഷ്‍കളങ്കമായ നാണവും മോണകാട്ടിയുള്ള ചിരിയുമെല്ലാം കല്യാണ രാമന്റെ വിജയഘടകങ്ങളായിരുന്നു. വിജയ് നായകനായി പ്രദർശനത്തിനെത്തിയ ചിത്രം ബീസ്റ്റിലായിരുന്നു ആർ സുബ്ബലക്ഷ്‍മി അവസാനമായി വേഷമിട്ടത്.

ജാക്ക് ആൻഡ് ഡാനിയൽ മോഹൻലാൽ ചിത്രം റോക്ക് ആൻഡ് റോൾ എന്നിവയിൽ ഡബ്ബിംഗ് ആർടിസ്റ്റുമായി തിളങ്ങിയ ആർ സുബ്ബലക്ഷ്‍മി മലയാളത്തിനും തമിഴിനും പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്. സംസ്‍കൃതം തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, രുദ്ര സിംഹാസനം തുടങ്ങിയവയിൽ ഗായികയായും തിളങ്ങി ആർ സുബ്ബലക്ഷ്‍മി. ഭർത്താവ് കല്യാണകൃഷ്‍ണൻ. നടിയായ താരാ കല്യാൺ മകളാണ്.