ചന്ദ്രനെ തേടിയെത്തി ഭാഗ്യദേവത, കടം പറഞ്ഞ ടിക്കറ്റിന് ആറ് കോടി സമ്മാനം

ഭാഗ്യങ്ങള്‍ പലര്‍ക്കും അപ്രതീക്ഷിതമായിട്ടാണ് വന്ന് ചേരുന്നത്. കീഴ്മാടില്‍ ചെടിച്ചട്ടി കമ്പനി ജോലിക്കരാനയാ ചക്കംകുളങ്ങര പാലച്ചുവട്ടില്‍ പി കെ ചന്ദ്രന്‍ ഒരിക്കലും കരുതിയിരിക്കില്ല താന്‍ ഒരു കോടീശ്വരനാകുമെന്ന്. ചന്ദ്രനെ തേടി ഭാഗ്യ ദേവത എത്തുകയായിരുന്നു. ചന്ദ്രന്‍ കടം പറഞ്ഞ് വാങ്ങിയ ടിക്കറ്റിനാണ് സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ സമ്മര്‍ ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 6 കോടി രൂപ ലഭിച്ചത്. ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു മുന്‍പില്‍ ലോട്ടറി വില്‍ക്കുന്ന സ്മിജ കെ. മോഹനാണ് ചന്ദ്രനെ സമ്മനാര്‍ഹനാക്കിയ ടിക്കറ്റ് നല്‍കിയത്.

നറുക്കെടുപ്പ് ദിവസമായ ഞായറാഴ്ച ഉച്ചയായിട്ടും സ്മിജയുടെ പക്കല്‍ 12 ടിക്കറ്റുകള്‍ വിറ്റ് പോയിരുന്നില്ല. സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന പലരെയും വിളിച്ച് ടിക്കറ്റ് വേണോ എന്ന് തിരക്കി. ഇക്കൂട്ടത്തിലാണ് ചന്ദ്രനെയും വിളിച്ചത്. തന്റെ പക്കലുള്ള ടിക്കറ്റുകളുടെ നമ്പര്‍ സ്മിജ പറഞ്ഞപ്പോള്‍ അതില്‍ നിന്നും എസ് ഡി 316142 എന്ന നമ്പറിലുള്ള ടിക്കറ്റ് എടുത്ത് മാറ്റി വയ്ക്കാന്‍ ചന്ദ്രന്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം ടിക്കറ്റ് വിലയായ 200 രൂപ തരാമെന്നും ചന്ദ്രന്‍ പറഞ്ഞു.

സ്മിജ ടിക്കറ്റ് മാറ്റി വെച്ച ശേഷം ഫോട്ടോ എടുത്ത് ചന്ദ്രന് വാട്‌സ്ആപ്പില്‍ അയച്ചു കൊടുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഫലം വന്നപ്പോഴാണ് ഒന്നാം സമ്മാനം ചന്ദ്രന്‍ കടം പറഞ്ഞ് വാങ്ങിയ ടിക്കറ്റിനാണെന്ന് വ്യക്തമായത്. ഈ സമയവും സ്മിജയുടെ പക്കല്‍ തന്നെയായിരുന്നു ടിക്കറ്റ്. പിന്നീട് സ്മിജയും ഭര്‍ത്താവ് രാജേശ്വരനും ചേര്‍ന്ന് ടിക്കറ്റ് ചന്ദ്രന്റെ വീട്ടില്‍ എത്തിച്ചു. ഇന്നലെ എസ്ബിഐ കീഴ്മാട് ശാഖയില്‍ ചന്ദ്രന്‍ ടിക്കറ്റ് ഏല്‍പ്പിച്ചു. നികുതി കഴിഞ്ഞ് നാല് കോടി 20 ലക്ഷം രൂപ ചന്ദ്രന് ലഭിക്കും. സമ്മാന തുക കൊണ്ട് ആദ്യം കടബാധ്യത തീര്‍ക്കുകയാണ് ചന്ദ്രന്റെ ലക്ഷ്യം. 15 വര്‍ഷമായി ചന്ദ്രന്‍ സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ്.

ലോട്ടറി ടികക്കറ്റ് അടിച്ചിരുന്ന കാക്കനാട് പ്രസില്‍ താത്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭര്‍ത്താവും. ജോലി ഇല്ലാതായതോടെ ചുണങ്ങം വേലിയില്‍ റോഡരികില്‍ ലോട്ടറി വില്‍പന തുടങ്ങി. ലൈഫ് പദ്ധതി പ്രകാരം ലഭിച്ച പട്ടിമറ്റം വലമ്പൂരിലെ വീട്ടിലാണ് താമസം. ദമ്പതികളുടെ മൂത്ത മകന്‍ ജഗന്‍(12)തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന രോഗത്തിനു ചികിത്സയിലാണ്. രണ്ടാമത്തെ മകന്‍ ലുഖൈദിനു (രണ്ടര) രക്താര്‍ബുദം വന്നു മാറി.