സർക്കാർ ഇത്തരമൊരു ചതി ചെയ്യുമെന്ന് കരുതിയില്ല, കിട്ടാനുള്ളത് 800 കോടി രൂപ, സപ്ലൈകോ ടെൻഡർ ബഹിഷ്കരിച്ച് വിതരണക്കാർ

കൊച്ചി.സർക്കാർ ഇത്തരമൊരു ചതി ചെയ്യുമെന്ന് കരുതിയതല്ല. ‘ബാങ്കിൽനിന്നും മറ്റും ഉയർന്ന പലിശക്ക് കടമെടുത്താണ് സാധനങ്ങളെടുക്കുന്നത്. വീട്ടുകാരുടെ സ്വർണം പണയം വെച്ചവരും കൂട്ടത്തിലുണ്ട്. പലിശക്കാർ ഭീഷണിയുമായി വീട്ടിൽ വരാൻ തുടങ്ങി. സപ്ലൈകോ ടെൻഡർ ബഹിഷ്കരിച്ച് വിതരണക്കാർ

ഏഴുമാസത്തെ കുടിശ്ശികയായി കിട്ടാനുള്ളത് 800 കോടി രൂപയാണ്. ഇതും തേടി കയറിയിറങ്ങാത്ത ഓഫിസുകളില്ല. അവസാന ശ്രമമായാണ് ഇത്തവണത്തെ ടെൻഡറിൽ പങ്കെടുക്കേണ്ട എന്നു തീരുമാനിച്ചത് -സപ്ലൈകോയിലേക്ക് സബ്സിഡി ഇനങ്ങളുൾപ്പെടെ വിതരണം ചെയ്യുന്ന ഫുഡ് ഗ്രെയിൻസ് പൾസസ് ആന്‍ഡ് സ്പൈസസ് സപ്ലയേഴ്സ് അസോസിയേഷൻ (എഫ്.ജി.പി.എസ്.എസ്.എ) എന്ന സംഘടനയിലെ അംഗങ്ങളുടെ ദുരിതാനുഭവമാണിത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിതരണക്കാർ വ്യാഴം, വെള്ളി ദിവസങ്ങളിലെ സപ്ലൈകോ ഇ-ടെൻഡറുകൾ ബഹിഷ്കരിച്ചിരിക്കുകയാണ്. 18 മുതൽ വിതരണക്കാരും ജീവനക്കാരും കുടുംബാംഗങ്ങളുമുൾപ്പെടെ എറണാകുളത്തെ സപ്ലൈകോ ആസ്ഥാനത്തിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തും.

തുക കിട്ടാത്തതിനാൽ ഇതരസംസ്ഥാനങ്ങളിലെ ഉൽപാദകരും മില്ലുടമകളുമെല്ലാം ഓർഡർ സ്വീകരിക്കണ്ട എന്ന് തീരുമാനിച്ചതായി അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.