വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി. വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിഷയത്തില്‍ ഹര്‍ജി പരിഗണിച്ചാല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും സമാന ഹര്‍ജികള്‍ എത്തുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വന്ദേഭാരതിന് സ്‌റ്റോപ്പ് തീരുമാനിക്കുന്നത് നയപരമായ കാര്യമാണ്. ഇതില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.

ഈ ഹര്‍ജി കോടതി പരിഗണിച്ചാല്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും സമാന ഹര്‍ജികള്‍ എത്തും. ട്രെയിന്‍ ഇപ്പോള്‍ ഓടുന്നത് പോലെ പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി മുമ്പ് തള്ളിയിരുന്നു. മലപ്പുറം ജില്ലയിലെ തിരക്കേറിയ റെയില്‍വേ സ്റ്റേഷനായ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് രാഷ്ട്രീയ വിഷയമാണെന്ന് പറഞ്ഞാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

അതേസമയം വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഓരോരുത്തരുടെയും താല്പര്യത്തിന് അനുസരിച്ച് സ്റ്റോപ്പ് അനുവദിച്ചാല്‍ എക്‌സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്‍പം ഇല്ലാതാകുമെന്നും റെയില്‍വേയാണ് ഇക്കാര്യത്തില്‍ തീരുമാനം എടിക്കേണ്ടത്.