പൃഥ്വിയുമായുള്ള പ്രണയകാല ചിത്രം പങ്കുവെച്ച് സുപ്രിയ.

 

വിവാഹം കഴിക്കുന്നതിനു രണ്ടു വർഷം മുൻപ് തന്നെ പൃഥ്വിരാജ് തന്റെ ജീവിതത്തിലുണ്ടായിരുന്നുവെന്ന് സുപ്രിയാ മേനോൻ മനസ്സ് തുറക്കുന്നു. പൃഥ്വിയുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകളിൽ വിവാഹത്തിനു മുൻപേ തന്നെ താൻ ഒരു നിഴലായി ഉണ്ടായിരുന്നുവെന്നു സുപ്രിയ പറയുന്നു.

പൃഥ്വിയോടൊപ്പമുള്ള പഴയ ഒരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സുപ്രിയയുടെ തുറന്നു പറച്ചിൽ. പോക്കിരി രാജയുടെ ഷൂട്ടിങ് വേളയിൽ പൃഥ്വി പുതിയ കാർ സ്വന്തമാക്കിയ അവസരത്തിൽ ഔദ്യോഗിക ചിത്രങ്ങളിലൊന്നും താൻ ഉണ്ടായിരുന്നില്ല. പക്ഷെ അവിടെ തന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

സുപ്രിയയുടെ കുറിച്ച വാക്കുകൾ ഇങ്ങനെ:
‘‘2009 അല്ലെങ്കിൽ 2010, കൃത്യമായി ഓർക്കുന്നില്ല പോക്കിരി രാജയുടെ ഷൂട്ടിങ് വേളയിലായിരുന്നു പൃഥ്വിരാജ്. ചിത്രത്തിൽ കാണുന്ന Z4 കാർ പൃഥ്വിരാജ് സ്വന്തമാക്കിയത് അന്നാണ്. ഔദ്യോഗിക ചിത്രങ്ങളിൽ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും, അവിടെ എന്റെ സാന്നിധ്യം ഉണ്ടായിരുന്നു.’’

സുപ്രിയയ്ക്ക് വർഷം കൃത്യമായി ഓർമയില്ലെങ്കിലും പോസ്റ്റിനു കമന്റുമായി എത്തിയ ഒരാരാധകന് സുപ്രിയയേക്കാൾ ഇക്കാര്യത്തിൽ ഓർമയുണ്ട്. വർഷം 2010 ആണെന്നും പൃഥ്വിരാജിന്റെ തേവരയിലെ ഫ്ലാറ്റിലേക്ക് ലൈറ്റ് വാങ്ങാൻ പനമ്പിള്ളി നഗറിലെ കടയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നത് താൻ ഇപ്പോഴും ഓർക്കുന്നുണ്ടെന്നു പ്രവീൺ എന്ന ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നു. താങ്കൾക്ക് നല്ല ഓർമശക്തിയാണല്ലോ എന്നാണ് ഈ കമന്റിന് സുപ്രിയ മറുപടി കുറിച്ചിരിക്കുന്നത്.

പാലക്കാട് വച്ചായിരുന്നു 2011 ഏപ്രില്‍ 25ന് പൃഥ്വിരാജ് – സുപ്രിയ വിവാഹം നടക്കുന്നത്. മാധ്യമപ്രവര്‍ത്തകയായ സുപ്രിയ ഒരു അഭിമുഖത്തിനായാണ് പൃഥ്വിയെ കാണുന്നത്. സുഹൃത്തുക്കളായി മാറിയ അവർ പിന്നീടു പ്രണയത്തിലായി. മലയാളിയാണെങ്കിലും മുംബൈയിലാണ് സുപ്രിയ ജനിച്ചുവളര്‍ന്നത്. ബിബിസിയിലെ മുന്‍ റിപ്പോര്‍ട്ടര്‍ കൂടിയാണ് സുപ്രിയ. അലംകൃത ആണ് മകൾ. പൃഥ്വിരാജ് പ്രൊഡക്‌ഷൻ‌സിന്റെ ചുമതല ഇന്ന് സുപ്രിയയാണ് നിർവഹിക്കുന്നത്.