ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല, അപമാനിതയാക്കാന്‍ ശ്രമിക്കുന്നെന്ന് സ്വപ്‌ന സുരേഷ്‌

ഭയങ്കരമായ രീതിയില്‍ തന്നെ, തന്നെ അപമാനിതയക്കാൻ ശ്രമിക്കുന്നെന്നും വിവാദങ്ങളില്‍ ഒരുപാട് ദുഖം ഉണ്ടെന്നു സ്വപ്ന സുരേഷ്. ബി.ജെ.പിയുമായോ മറ്റ് രാഷ്ട്രീയ പാർട്ടിയുമായോ ഒരു ബന്ധവും ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പറ്റിയും അറിയില്ല. മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.കുടുംബം നോക്കാന്‍ ജോലി അത്യാവശ്യം ആണ്. വിവാദങ്ങളെ അവഗണിച്ച്‌ മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് എന്‍ജിഒയില്‍ സിഎസ്‌ആര്‍ ഡയറക്ടറായി സ്വപ്ന സുരേഷിന് നിയമന ഉത്തരവ് നല്‍കിയത്. പ്രതിമാസശമ്ബളം നാല്‍പ്പത്തിമൂവായിരം രൂപയാണ്.
വിദേശത്തും ഇന്ത്യയിലുമുള്ള കമ്പനികളില്‍ നിന്നടക്കം വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭിക്കുവാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് സ്വപ്നയുടെ പ്രധാനചുമതല. ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് വിലയിരുത്തി ശമ്പള ഇനത്തില്‍ വര്‍ധനവ് നല്‍കുമെന്ന് നിയമന ഉത്തരവ് പറയുന്നു.

ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന ‘സദ്ഗൃഹ’ എന്ന പദ്ധതിയിലേക്ക് അടക്കമാണ് സ്വപ്ന ഫണ്ട് കണ്ടെത്തേണ്ടത്. ജാമ്യത്തിലിറങ്ങിയശേഷം ജോലിയില്ലാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ എച്ച്‌ആര്‍ഡിഎസ് തയാറായതെന്ന് ചീഫ് പ്രൊജക്‌ട് കോഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞു. താന്‍ ഉപദ്രവിക്കുമെന്ന പേടിയാണ് വിമര്‍ശകര്‍ക്കെന്നും ജീവിക്കാന്‍ അനുവദിക്കണമെന്ന് സ്വപ്ന പറഞ്ഞു.

ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലും എന്തൊക്കെയോ ഉദ്ദേശമുണ്ട്. അതുകൊണ്ട് ശിവശങ്കര്‍ സാറിനോട് പറയാനുള്ളത് , നിങ്ങള്‍ക്ക് എന്നെ കൊല്ലാന്‍ എല്ലാ അവകാശവുമുണ്ട്. ദയവുചെയ്ത് എന്നെ കൊല്ലു, ഒരു ആണായിട്ട് വന്ന് എനിക്കും എന്റെ മക്കള്‍ക്കും അമ്മയ്ക്കും കുറച്ച്‌ വിഷം വാങ്ങി താ. അതല്ലാതെ ഇത്തരം വൃത്തികെട്ട കളി കളിക്കരുത്, സ്വപ്ന പറഞ്ഞു. ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ നില്‍ക്കുന്ന എനിക്ക് ഫില്‍റ്റര്‍ ചെയ്തെടുക്കാന്‍ മുന്നില്‍ ഒരുപാട് അവസരങ്ങളൊന്നുമില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു.