ലൈഫ് മിഷന്‍ കരാര്‍ ക്രമക്കേട് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്‌ന സുരേഷ്, ഇഡി കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി. ലൈഫ് മിഷന്‍ കേസ് സംബന്ധിച്ച് ഇഡി നല്‍കിയ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കരാര്‍ അട്ടിമറിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയില്‍ പറയുന്നത്. കോണ്‍സുലേറ്റ് ജനറലിന് കമ്മീഷന്‍ ലഭിക്കുന്നതിനാണ് കരാര്‍ അട്ടിമറിച്ചത്. ടെന്‍ണ്ടറില്ലാതെ കരാറുകാരെ തിരഞ്ഞെടുക്കാന്‍ കോണ്‍സുല്‍ ജനറലിന് ചുമതലപ്പെടുത്തിയത് കമ്മീഷനുവേണ്ടിയാണെന്നും സ്വപ്‌ന പറയുന്നു.

സ്വപ്‌ന ഇഡിക്ക് നല്‍കിയ മൊഴിയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണെന്നും പറയുന്നു. കേസില്‍ ഇഡി കലൂര്‍ പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചര്‍ച്ചകള്‍ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ വസതിയിലാണെന്നും ചര്‍ച്ചകളില്‍ താന്‍ എം ശിവശങ്കറിനൊപ്പം പങ്കെടുത്തിരുന്നുവെന്നും സ്വപ്‌ന പറയുന്നു.

2019ലെ ധാരണപ്രകാരം പദ്ധതിക്കായി റെഡ്ക്രസന്റ് നല്‍കുന്ന തുക സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നല്‍കുക മാത്രമായിരുന്നു കോണ്‍സലേറ്റിന്റെ ചുമതല. എന്നാല്‍ ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേദിവസം മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്ന് കരാറുകാരെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല കോണ്‍സുല്‍ ജനറലിന് നല്‍കി. കോണ്‍സുല്‍ ജനറലിന് പദ്ധതിയുടെ കമ്മീഷന്‍ ലഭിക്കുന്നതിനാണ് ഇങ്ങനെ ചെയ്തത്. നിലവില്‍ 11 പേരെ പ്രതികളാക്കി നല്‍കിയ കുറ്റപത്രത്തില്‍ ഇഡി അന്വേഷണം നടക്കുകയാണ്.