ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യുമെന്ന് പറഞ്ഞിട്ട് അത് ഉപേക്ഷിച്ചല്ലോ, പരിഹാസത്തിന് തക്ക മറുപടി നല്‍കി സ്വാതി നിത്യാനന്ദ്

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് സ്വാതി നിത്യാനന്ദ്. അടുത്തിടെയാണ് സ്വാതിയുടെ വിവാഹം നടന്നത്. ക്യാമറാമാനായ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ഈ വിവാഹത്തിന് പിന്നാലെ ഉണ്ണി മുകുന്ദനുമായുള്ള വിവാഹക്കാര്യം ചൂണ്ടിക്കാടി ചിലര്‍ രംഗത്ത് എത്തിയിരുന്നു. സ്വാതിയും ഉണ്ണി മുകുന്ദനും തമ്മില്‍ വിവാഹിതര്‍ ആകുന്നു എന്ന വിധത്തില്‍ പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. വിവാഹത്തിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിലും ഉണ്ണി മുകുന്ദനുമായുള്ള വിവാഹവാര്‍ത്തയ്ക്കും മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് സ്വാതി.

സോഷ്യല്‍ മീഡിയകളിലൂടെയുള്ള ഫോളോവേഴ്‌സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് സ്വാതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഉണ്ണിമുകുന്ദനെ വിവാഹം ചെയ്യുമെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് സ്വാതി വ്യക്തമാക്കി. ‘ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യണമെന്ന് ഒന്നും ഒന്നും മൂന്ന് ഷോയില്‍ പറഞ്ഞിരുന്നല്ലോ. എന്നിട്ടിപ്പോള്‍ നിങ്ങള്‍ അത് ഉപേക്ഷിച്ചു’ എന്നായിരുന്നു ഒരാള്‍ സ്വാതിയെ പരിഹസിച്ചത്. ഇതിന് തക്ക മറുപടിയാണ് സ്വാതി നല്‍കിയത്.

ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യുമെന്ന് ഞാന്‍ ഒരു ഷോയിലും പറഞ്ഞിട്ടില്ല. ആദ്യം പോയി ആ ഷോ മുഴുവന്‍ കാണൂ. എന്നിട്ട് ചോദ്യം ചെയ്യാന്‍ വന്നാല്‍ മതി. എന്റെ ജീവിതം ഞാന്‍ ആണ് തീരുമാനിക്കുന്നത്. അത് എന്തായാലും ഞാന്‍ സഹിച്ചോളാം. നിങ്ങള്‍ വിഷമിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു സ്വാതിയുടെ മറുപടി.

2018 സെപ്റ്റംബറില്‍ ഭ്രമണം എന്ന സീരിയലിലെ അഭിനേതാക്കള്‍ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് അവതാരകയായ റിമി ടോമി ഭര്‍ത്താവ് എങ്ങനെയുള്ള ആളാകണമെന്നാണ് ആഗ്രഹം എന്ന് സ്വാതിയോട് ചോദിച്ചു. അങ്ങനെ സങ്കല്പങ്ങളൊന്നുമില്ല എന്നാണ് സ്വാതി പ്രതികരിച്ചത്. അപ്പോഴാണ് സ്വാതിക്ക് ഉണ്ണി മുകുന്ദനോടുള്ള ആരാധന സഹതാരമായ ശരത് വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിനെ സ്വാതിയും ഉണ്ണി മുകുന്ദനും വിവാഹിതരാകുന്നു എന്ന തരത്തിലാണ് ചില യുട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ചത്.