ഹിമാചലില്‍ കുടുങ്ങിയ ഡോക്ടര്‍മാരുടെ സംഘം ഡല്‍ഹിയില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി. ഹിമാചലില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി. അഞ്ച് ദിവസമാണ് 27 പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘം ഗ്രാംഫു ഗ്രാമത്തില്‍ കഴിഞ്ഞത്. ജനവാസം കുറഞ്ഞ രാജ്യത്തെ പ്രദേശങ്ങളിലൊന്നിലാണ് അവര്‍ കുടുങ്ങിയത്. സ്പിറ്റി താഴ്വരയ്ക്ക് സമീപത്താണ് സംഘം കുടുങ്ങിയത്.

സ്പിറ്റിയില്‍ നിന്നും സംഘം ഡല്‍ഹിയിലേക്ക് തിരികെ മടങ്ങുന്നതിനിടെയാണ് ശക്തമായ മഴ തുടങ്ങിയത്. ആദ്യചെറിയ തോതില്‍ തുടങ്ങിയ മഴ പിന്നീട് ശക്തമാകുകയായിരുന്നു. മഴയില്‍ റോഡിലേക്ക് വീണ മണ്ണും കല്ലും നീക്കി മുന്നോട്ട് പോയ സംഘത്തിന് ആദ്യം കൂടുതല്‍ ദൂരം പോകുവാന്‍ സാധിച്ചില്ല. തുടര്‍ന്ന് സംഘത്തിലെ സ്ത്രീകളെ സുരക്ഷിത സ്ഥാലത്തേക്ക് മാറ്റി.

പിന്നീട് സമീപത്തെ പോലീസ് എയ്ഡ് പോസ്റ്റില്‍ എത്തി. സുരക്ഷിതരാണെന്ന് സന്ദേശം നാട്ടില്‍ അറിയിച്ചത് പോലീസ് എയ്ഡ് പോസ്റ്റില്‍ നിന്നാണ്. 2000 രൂപമാത്രമാണ് 10 ഡോക്ടര്‍മാരുടെ പക്കല്‍ ഉണ്ടായിരുന്നതെന്നും ഇവര്‍ പറയുന്നു. കൊടും തണുപ്പത്ത് ബ്രെഡും മാഗിയും കഴിച്ചാണ് ജീവിച്ചതെന്നും സംഘം പറയുന്നു.