മുംബൈയില്‍ ഭീകരാക്രമണ ഭീഷണി, എന്‍ഐഎക്ക് ഇ മെയില്‍

മുംബൈ . മുംബൈയില്‍ ഭീകരാക്രമണ ഭീഷണി. ദേശീയ അന്വേഷണ ഏജൻസിയായ എന്‍ഐഎക്ക് ഇ മെയില്‍ വഴിയാണ് ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. താലിബാന്‍ അംഗമെന്ന വ്യാജേനെ പേര് വെളിപ്പെടുത്താത്ത വ്യക്തിയില്‍ നിന്നാണ് മെയില്‍ സന്ദേശം എത്തിയതെന്ന് എന്‍ഐഎ അധികൃതര്‍ പറഞ്ഞു.

മെയില്‍ സന്ദേശം വന്ന പിറകെ വിവരം മുംബൈ പൊലീസിനെ അറിയിച്ചു. തുടർന്ന് മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. മെയില്‍ അയച്ചയാള്‍ താലിബാനിയാണെന്നാണ് സ്വയം വിശേഷിപ്പിച്ചതെന്നും മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്നാണ് ഇയാള്‍ സന്ദേശത്തില്‍ വ്യക്തമാക്കിയതെന്നും എന്‍ഐഎ അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

ഈ മെയിലിന് പിന്നിലെ വസ്തുത കണ്ടെത്താൻ മുംബൈ പൊലീസും എന്‍ഐഎയും സംയുക്ത അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം, മുംബൈയില്‍ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാത സന്ദേശം ലഭിച്ചിരുന്നു.