ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ നിർദ്ദേശം.
അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ മുറ പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു.

ഉഷ്ണതരം​ഗത്തിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെയും ആരോ​ഗ്യ വകുപ്പിന്റെയും മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. അതേസമയം, സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടു മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കൽ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥൻ (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്‌ണന്റെ ഭാര്യ ലക്ഷ്‌മിയമ്മ (90) എന്നിവരാണ് മരിച്ചത്. കിണർ പണിക്കിടയിൽ തളർന്ന് വീണ വിശ്വനാഥൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

ലക്ഷ്മിയമ്മയെ ഇന്നലെ ഉച്ചയ്ക്ക് ഒന്നര മുതൽ വീട്ടിൽനിന്നും കാണാതായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാർ കനാലിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇന്നു രാവിലെ ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്.