പേരറിവാളനെ മോചിപ്പിച്ച സുപ്രീംകോടതി വിധി അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ്

പേരറിവാളനെ മോചിപ്പിച്ച സുപ്രീംകോടതി വിധി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കി. ഇതിലൂടെ രാജ്യത്തെ നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഇതിൽ ഗാന്ധി കുടുംബത്തിന്‍റ നിലപാടല്ല പാര്‍ട്ടിയുടേതെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് വക്താവ് രംഗത്തെത്തി.

പ്രതികളുടെ മോചനത്തെ എതിര്‍ക്കില്ലെന്നും അവര്‍ക്ക് മാപ്പ് നല്‍കിയെന്നും ഗാന്ധി കുടംബം നേരത്ത തന്നെ വ്യക്തമാക്കിയിരുന്നു. ജയിലില്‍ കഴിയുന്ന നളിനിയെ പ്രിയങ്കഗാന്ധി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതെല്ലാം വ്യക്തിപരമായ നിലപാടായിരുന്നുവെന്നും പാര്‍ട്ടി നയമല്ലെന്നും സുര്‍ജേവാല വ്യക്തമാക്കി.

ഇന്ന് ഉച്ചയോടെയാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചായിരുന്നു സുപ്രീംകോടതിയുടെ വിധി. മോചന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെ പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്‌നാട് സര്‍ക്കാറിന്‍റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ അതൃപ്തി അറിയിച്ച സുപ്രീംകോടതി ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു.