ഹിജാബ് വിഷയത്തിൽ പോപ്പുലർ ഫ്രണ്ട് രാജ്യത്ത് ഗൂഢാലോചന നടത്തി

ബംഗളൂരു. ഹിജാബ് വിഷയത്തിൽ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാർത്ഥികൾ ഹർജി നൽകിയത് മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീനത്തെ തുടർന്നാണെന്ന് കർണാടക സർക്കാർ വ്യക്തമാക്കുകയായിരുന്നു. ഹിജാബ് നിർബന്ധമായും ധരിക്കാനും പ്രശ്‌നങ്ങളുണ്ടാക്കാനും പോപ്പുലർ ഫ്രണ്ട് പ്രചാരണം നടത്തിയെന്നും സർക്കാർ വ്യക്തമാക്കി.

ഹിജാബ് വിഷയത്തിൽ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എല്ലാ വിദ്യാർത്ഥികളും യൂണിഫോം നിർബന്ധമാക്കണമെന്നാണ് സർക്കാർ ഉത്തരവ് എന്നും ഇത് നിഷ്പക്ഷമാണെന്നും കർണാടക സർക്കാർ കോടതിയെ അറിയിക്കുകയുണ്ടായി.

കർണാടക സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2013 മാർച്ച് 29 ന് ഉഡുപ്പിയിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്സിറ്റി ഗേൾസ് കോളേജിൽ യൂണിഫോം ധരിക്കണമെന്ന പ്രമേയം പാസാക്കിയിരുന്നു. ഇതിൽ ഹിജാബ് ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്ന് എല്ലാ വിദ്യാർത്ഥികളും യൂണിഫോം ധരിച്ചാണ് കോളേജിലെത്തുന്നത്.

2021-ൽ കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ ആദ്യഘട്ടത്തിൽ നിയമങ്ങൾ അനുസരിക്കുകയായിരുന്നു. തുടർന്ന് 2022 ൽ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സോഷ്യൽ മീഡിയയിൽ ഒരു പ്രസ്ഥാനം ആരംഭിച്ചു. ജനങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് പ്രക്ഷോഭം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇത് ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ ആഗ്രഹമോ പ്രവർത്തിയോ അല്ല. അവരും ഒരു ഗൂഢാലോചനയുടെ ഭാഗമാവുകയായിരുന്നു. ഈ വിദ്യാർത്ഥികൾ പോപ്പുലർ ഫ്രണ്ടിന്റെ നിർദ്ദേശപ്രകാരമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് – സോളിസിറ്റർ ജനറൽ കോടതിയിൽ പറയുകയുണ്ടായി.

ഹിജാബ് ധരിക്കാനുള്ള അവകാശം മുസ്ലീം സ്ത്രീകളുടെ മാന്യതയുമായി ബന്ധപ്പെട്ട വിഷയമാണെന്നും, മാന്യമായി വസ്ത്രം ധരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നാതായും പരാതിക്കാരികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിക്കുകയുണ്ടായി. എന്നാൽ, അനിവാര്യമല്ലാത്ത മതാചാരങ്ങൾക്ക് ഭരണഘടനയുടെ സംരക്ഷണം അവകാശപ്പെടാനാവില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ ഇക്കാര്യത്തിൽ വ്യക്തമാക്കുകയായിരുന്നു.

ഹിജാബ് ധാരണം ഇസ്ലാമിന്റെ അനിവാര്യ ആചരണമാണെന്ന വാദം ഹർജിക്കാരികൾക്ക് തെളിയിക്കാൻ സാധിക്കുന്നില്ല. ഹിജാബ് ധരിച്ചില്ലെങ്കിൽ മതത്തിന് പുറത്താകുന്ന സ്ഥിതിവിശേഷവും രാജ്യത്ത് ഇല്ല. ഈ സാഹചര്യത്തിൽ, ഹിജാബ് ധാരണത്തിന് വേണ്ടി വാശി പിടിക്കാനാകില്ലെന്ന് തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.

മതാചാരം പാലിക്കാൻ സ്വാതന്ത്ര്യമുണ്ട് എന്ന വാദം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ അനിവാര്യമല്ലാത്ത മതാചാരം പിന്തുടരുന്നതിന് വേണ്ടി നിർബന്ധം പിടിച്ചാൽ അത് സാധിച്ചു കൊടുക്കാൻ കോടതികൾക്കോ, അത്തരം വാദഗതികളെ സംരക്ഷിക്കാൻ ഭരണഘടനക്കോ ബാദ്ധ്യതയില്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കിയിട്ടുണ്ട്.