കൊറോണ പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണ പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ചു. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ തന്നെയാണ് വാക്സിന്‍ സ്വീകരിച്ചത്. കൊറോണ പ്രതിരോധത്തിനായി താന്‍ രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചുവെന്നും വാക്സിന്‍ സ്വീകരിക്കാന്‍ യോഗ്യരായ എല്ലാവരും ഉടന്‍ രണ്ടാം ഡോസും സ്വീകരിക്കണമെന്നും നരേന്ദ്രമോദി ആഹ്വാനം ചെയ്തു. അതിരാവിലെ വാക്സിന്‍ സ്വീകരിച്ച പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് സന്ദേശം നല്‍കിയത്.

‘എയിംസില്‍ നിന്ന് എനിക്ക് ഇന്ന് രണ്ടാം ഡോസ് വാക്സിന്‍ ലഭിച്ചു. കൊറോണ വൈറസിനെ തോല്‍പ്പിക്കാനുള്ള ഒരു പ്രധാനമാര്‍ഗ്ഗം വാക്സിനേഷനാണ്. നിങ്ങള്‍ക്ക് രണ്ടാം ഡോസ് വാക്‌സി നേഷന് യോഗ്യതയുണ്ടെങ്കില്‍ നിശ്ചയമായും ഉടന്‍ സ്വീകരിക്കുക.’ ട്വിറ്ററില്‍ നരേന്ദ്രമോദി കുറിച്ചു.

രണ്ടു നഴ്സുമാരുടെ സാന്നിദ്ധ്യത്തിലാണ് വാക്സിനേഷന്‍ നടപടി പൂര്‍ത്തിയായത്. പുതുച്ചേരിയിലെ പി.നിവേദയും പഞ്ചാബ് സ്വദേശിനി നിഷാ ശര്‍മ്മയുമാണ് പ്രധാന മന്ത്രിയുടെ വാക്സിനേഷന്റെ നടപടിക്രമങ്ങളുടെ ചുമതല വഹിച്ചത്. മാര്‍ച്ച് മാസം 1-ാം തീയതിയാണ് പ്രധാനമന്ത്രി ആദ്യ ഡോസ് സ്വീകരിച്ചത്. കൊറോണ വാക്സിനേഷന്റെ കാര്യത്തില്‍ ഇന്ത്യ മുന്‍നിരയിലാണ്. ഇതുവരെ 9 കോടി ജനങ്ങള്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ജനുവരി 16നാണ് ഇന്ത്യയില്‍ വാക്സിനേഷന്‍ നടപടികള്‍ ആരംഭിച്ചത്.