വാഹനം നിർത്തി യുവാവ് ബന്ധുവീട്ടിൽ കയറി, പിന്നാലെ കാറിൽ തീ പടർന്നു

ആലപ്പുഴ : റോഡിന് സമീപം നിർത്തിയിട്ട കാറിന് തീപിടിച്ച് അപകടം. മുണ്ടക്കയം സ്വദേശി അനന്തു കൃഷ്ണന്റെ കാറാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.യുവാവ് കാർ റോഡരികിൽ നിർത്തിയിട്ട് ബന്ധുവിന്റെ വീട്ടിൽ പോയതായിരുന്നു. പുലർച്ചെയോടെ വാഹനത്തിൽ തീ പിടിക്കുകയായിരുന്നു.

റോഡിലൂടെ പോയ മറ്റു യാത്രികരാണ് കാറിന് തീപിടിച്ച വിവരം അഗ്നിശമന സേനയെ അറിയിച്ചത്. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്‌ക്കുകയായിരുന്നു. കാറിന്റെ മുൻ വശം പൂർണമായി കത്തി നശിച്ച നിലയിലാണ്. കാർ കത്താനുണ്ടായ കാരണം പരിശോധിച്ചു വരികയാണെന്ന് അഗ്നിശമന സേന അറിയിച്ചു.

അതേസമയം, കുട്ടനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ആണ് അപകടം ഉണ്ടായത്. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ചമ്പക്കുളം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് കേശവസദനത്തിൽ സുശീലയുടെ ഉടമസ്ഥതയിലുള്ള മാരുതി കാറാണ് കത്തി നശിച്ചത്.

സുശീലയുടെ ഭർത്താവ്‌ രമേശ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇയാൾ നിസ്സാര പരിക്കോടെ രക്ഷപെട്ടു. മങ്കൊമ്പിൽ സിപിഎം കുട്ടനാട് ഏരിയ കമ്മറ്റി ഓഫീസിന്‌ സമീപം പകൽ മൂന്നുമണിക്ക് ശേഷമായിരുന്നു സംഭവം. രമേശ് മങ്കൊമ്പ് പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച് നെടുമുടിയിലെ തന്റെ സ്ഥാപനത്തിലേക്ക് പോകവേയാണ് കാർ കത്തിയത്.

ചങ്ങനാശ്ശേരിയിൽനിന്ന് ഫയർ ഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്. കാർ പൂർണ്ണമായും കത്തിനശിച്ചു. കാറിനുള്ളിലെ ഷോർട് സർക്യൂട് ആകാം തീപിടിത്തത്തിന് കാരണമായതെന്ന് കരുതുന്നു. അപകടത്തേത്തുടർന്ന് ഒരു മണിക്കൂറോളം എ.സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.