‘ചന്ദ്രേട്ടനെ ചിതയിൽ വെക്കും മുൻപ് കാലുകളിൽ മകൻ നമസ്‌കരിക്കുന്ന കാഴ്ചയുണ്ട്, അതിന്നും ഉള്ളിൽ നീറ്റാലാണ്.’

‘ചിതയിൽ വയ്ക്കുന്നതിനു മുൻപ് ചന്ദ്രേട്ടന്റെ കാൽക്കൽ മകൻ നമസ്ക്കരിക്കുന്ന കാഴ്ചയുണ്ട് അതിന്നും ഉള്ളിൽ നീറ്റലാണ്’ എന്ന് പറയുന്ന കെ കെ രമ എം എൽ എയുടെ വാക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. വനിതക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സി പി എമ്മിന്റെ വടിവാൾ രാഷ്ട്രീയത്തിന് ഇരയായ തൈവച്ച പറമ്പത്ത് ചന്ദ്രശേഖരൻ എന്ന ടിപിയുടെ ഓർമകളെപ്പറ്റി രമ പറഞ്ഞിരിക്കുന്നത്.

‘കൊല്ലപ്പെടുന്ന സമയത്തു തൈവച്ച പറമ്പത്ത് ചന്ദ്രശേഖരൻ എന്ന ടിപിക്ക് അൻപത്തിയൊന്നു വയസായിരുന്നു. അത്ര തന്നെ വെട്ടിലാണ് ചോരക്കൊതിയുടെ രാഷ്ട്രീയം പറയുന്ന എതിരാളികൾ ടിപിയെ തീർത്തതും. ഇനിയീ നേരു കാക്കും പോരാളി തൻ മുഖം ലോകം കാണാതെ പോകണം എന്നവർ തീർച്ചയാക്കിയിരുന്നു.

മരണം ചുവന്ന ആ സന്ധ്യയിൽ, ഗൾഫിലേക്കു പോകുന്ന അയൽവീട്ടിലെ സുഹൃത്തിനോടു യാത്ര പറയാൻ ടിപി എത്തുകയായിരുന്നു. അവിടെയുണ്ടായിരുന്ന മകൻ അഭിനന്ദിന്റെ കയ്യിൽ ഹെൽമറ്റ് ഏൽപിച്ച് തിരികെയിറങ്ങിയത്. സമയമെണ്ണി ഇരുളിൽ കാത്തിരുന്നവർക്ക് അതൊരു സൗകര്യമായി. മുഖം അവർ വെട്ടുകൾ കൊണ്ടു ചിതറിക്കുകയായിരുന്നു പിന്നെ.

ഒട്ടനവധി നിരവധി ഡോക്ടർമാർ നാലു മണിക്കൂറിലധികം അധ്വാനിച്ച് മുഖം തുന്നിക്കൂട്ടിയെടുക്കുന്നത്. കെടുത്തിയിട്ടും ആളുന്ന കനലായി ചെങ്കൊടി പുതച്ച്, ടിപി വീടിന്റെ നടുത്തളത്തിൽ വീറ് അസ്തമിക്കാതെ കിടന്നു. പതറരുത് എന്നു മനസ്സിലുറച്ചിട്ടും ടിപിയുടെ ഭാര്യ രമ ഒറ്റ നോക്കിൽ തലവെട്ടിക്കുകയായിരുന്നു

‘‘പുരുഷ ഗാംഭീര്യമുള്ള എന്റെ ചന്ദ്രേട്ടനെ വീണ്ടെടുക്കാൻ അവർക്കു കഴിഞ്ഞില്ല. വെട്ടേറ്റ മുറിവുകളെ കൂട്ടിയിണക്കുന്ന തുന്നൽ പാടുകളുള്ള സ്വൽപം ചീർത്ത മുഖം ഇപ്പോഴും ഓർമയിലുണ്ട്. ഒറ്റ വെട്ടിനു തീർക്കാമായിരുന്നിട്ടും വീണ്ടും വീണ്ടുമേൽപിച്ച ആ വെട്ടുകൾ മറക്കാതിരിക്കാനാണ് ഞാൻ രാഷ്ട്രീയം ശ്വസിക്കുന്നത്.’’ രമയുടെ വാക്കുകള്‍ ഇന്നും കത്തുന്ന വാക്കുകൾ പറഞ്ഞിരിക്കുന്നു.

ടി പി ഓർമ്മകൾ പങ്കുവെച്ചിരിക്കുന്ന വനിതയിലെ ലേഖനത്തിൽ ഇരുവരുടെയും ചെറുപ്പകാലത്തെ കുറിച്ചും, ടിപി കൊല്ലപ്പെട്ടതറിഞ്ഞ് കരയാതെ കരുത്തയായി നിന്ന ഓർമകളും രമ പറഞ്ഞിട്ടുണ്ട്. ‘സ്നേഹം പ്രകടിപ്പിക്കുന്നത് ഇഷ്ടമുള്ള ഒരു സാധാരണ സ്ത്രീയാണ് ഞാൻ. പലപ്പോഴും എനിക്കൊപ്പമിരിക്കാതെ ചന്ദ്രേട്ടൻ തിരക്കു പിടിച്ച രാഷ്ട്രീയത്തിലേക്ക് ഇറങ്ങിപ്പോകുന്നതു കണ്ട് സങ്കടം തോന്നിയിട്ടുണ്ട്. അതിൽ ഞ ങ്ങൾ തമ്മിൽ തർക്കങ്ങളും ഉണ്ടായിരുന്നു.’ കെ കെ രമ പറയുന്നു.

‘അന്നൊക്കെ ഞാൻ സമാധാനിച്ചിരുന്നത്, വയസ്സാകുമ്പോൾ ചന്ദ്രേട്ടൻ രാഷ്ട്രീയതിരക്കുകളിൽ നിന്നു വിടുതൽ നേടും. മകൻ ജോലിയൊക്കെയായി അവന്റെ ജീവിതത്തിലേക്കു മാറും. അപ്പോൾ ഞങ്ങൾക്കു മാത്രമായി സമയം കിട്ടും. അന്നത്തേക്ക് വേണ്ടി ഞാൻ എന്റെ ആഗ്രഹങ്ങളെ കാത്തുവച്ചു. പക്ഷേ, ചന്ദ്രേട്ടൻ എവിടെ?’ കെ കെ രമ ചോദിക്കുന്നു.