കോടിയേരിക്ക് കണ്ണീരോടെ വിട നല്‍കി ജന്മനാട്; മൃതദേഹം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു

കണ്ണൂര്‍. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് കണ്ണൂരോടെ അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ മന്ദിരത്തില്‍ ആയിരങ്ങളാണ് പ്രിയ നേതാവിനെ അവസാനമായി കാണുവാന്‍ എത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവും കോടിയേരിക്ക് ആദരമര്‍പ്പിച്ചു.

തിങ്കളാഴ്ച രാവിലെ മാടപ്പീടികയിലെ വീട്ടില്‍ നിന്നും കോടിയേരിയെ വിലാപയാത്രയായി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിക്കുകയായിരുന്നു. 11 മണി മുതലാണ് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. വിലാപയാത്ര കടന്ന് പോയ വഴിയരികില്‍ എല്ലാം കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. വിവിധ പാര്‍ട്ടി നേതാക്കള്‍ അടക്കം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി.

ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അര്‍പ്പിച്ചു. ഇന്നലെയും ഇന്നുമായി ആയിരങ്ങളാണ് അദ്ദേഹത്തിന്റെ വീട്ടിലടക്കം എത്തിയത്. കോടിയേരിയോടുള്ള ആദര സൂചകമായി തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ എന്നി മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. എന്നാല്‍ ഹര്‍ത്താല്‍ വാഹങ്ങളെയും ഹോട്ടലുകളെയും ബാധിക്കില്ല.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് മൂന്ന് മണിക്ക് പയ്യാമ്പലത്താണ് കോടിയേരിയുടെ ഔതിക ദേഹം സംസ്‌കരിക്കുക. മുതിര്‍ന്ന സിപിഎം നേതാക്കളായ ഇകെ നയനാര്‍, ചടയന്‍ ഗോവിന്ദന്‍ എന്നിവരുടെ സ്മൃതികുടീരത്തോട് ചേര്‍ന്നാണ് ചിതയൊരുക്കുക.