ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ ആളില്ല, പ്രകോപിതനായി വേദിവിട്ട് എംഎം മണി

ഇടുക്കി. കേരളോത്സവം ഉദ്ഘാടന വേദിയില്‍ ആളില്ല വേദി വിട്ട് എംഎം മണി. ഉദ്ഘാടന വേദിയില്‍ ആളില്ലാതെ വന്നതോടെ എംഎം മണി പ്രകോപിതനാകുകയും ഇറങ്ങിപ്പോകുകയുമായിരുന്നു. മണിയുടെ നാവ് നേരെയാകാന്‍ പ്രാര്‍ഥനാ യജ്ഞം നടത്തിയ മഹിളാ കോണ്‍ഗ്രസ് നേതാവ് മിനി പ്രിന്‍സ് പ്രസിഡന്റായ കരുണാപുരം പഞ്ചായത്തിലായിരുന്നു സംഭവം.

അതേസമയം പരിപാടി നേരത്തെ തുടങ്ങിയതാണ് ആളുകള്‍ കുറയാന്‍ കാരണമെന്ന് മിനി പ്രിന്‍സ് പറഞ്ഞു. ഗ്രാമപഞ്ചായത്തിന്റെ ഓപ്പണ്‍ സ്റ്റേജിന്റെയും കേരളോത്സവം സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനത്തിനാണ് മണി എത്തിയത്. എന്നാല്‍ സമ്മേളനത്തിന് 20 പേര്‍ മാത്രമാണ് എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ നിങ്ങള്‍ സാമാന്യ മര്യാദ പാലിച്ചില്ലെന്ന് മണി പഞ്ചായത്ത് പ്രസിഡന്റിനെ കുറ്റപ്പെടുത്തി.

തുടര്‍ന്ന് തിരക്കുണ്ടെന്നു പറഞ്ഞ് ഉദ്ഘാടനം നടത്തിയതായി പ്രഖ്യാപിച്ച് എംഎം മണി പോകുകയായിരുന്നു. അതേസമയം ആളെ കൂട്ടാതെ എവിടെ പരിപാടി നടത്തിയാലും എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പരിപാടി എംഎം മണിയുടെ ആവശ്യപ്രകാരം നേരത്തെ ആക്കുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രതികരിച്ചു.