മക്കൾക്ക് 22,154 കോടി ആസ്തിയായിട്ടും പലവ്യഞ്ജനക്കട നടത്തുകയാണ് ഈ അച്ഛൻ

പ്രശസ്ത ബ്രോക്കറേജ് സ്ഥാപനമായ സെറോധ വഴി ഇതിനകം ശതകോടികളുടെ ആസ്തി നേടിയിട്ടുണ്ട് കമ്പനി സ്ഥാപകരും സഹോദരൻമാരുമായ നിഖിൽ കാമത്തും നിതിൻ കാമത്തും. സഹോദരൻ നിഖിൽ കാമത്തിനും ഭാര്യ സീമ പാട്ടീലിനും ഒപ്പം സെറോദയുടെ ബിസിനസ് കൈകാര്യം ചെയ്യുന്ന നിതിൻ കാമത്തിൻെറ ആസ്തി ഏകദേശം 22,154 കോടി രൂപ എന്നാണ് കണക്ക്. നിതിൻ കാമത്ത് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം വൈറലായിരിക്കുകയാണ്.

ഒരു നല്ല ജീവിതം എങ്ങനെ നയിക്കാമെന്ന് തന്നെ പഠിപ്പിക്കുന്നത് 70- കാരൻ ആയ അമ്മായിയച്ഛനാണെന്ന് വിശദീകരിക്കുയയാണ് ആ പോസ്റ്റിൽ. മിലിട്ടറിയിൽ നിന്ന് വിരമിച്ചതിന് ശേഷം അമ്മായി അച്ഛൻ എന്ന പാട്ടീൽ കർണാടകയിലെ ബെൽഗാമിൽ ഒരു പലചരക്ക് കട തുടങ്ങി. ഇപ്പോഴും കട നടത്തുകയാണ്. സൈന്യത്തിൽ സേവനമനുഷ്ടിക്കുന്നതിനിടയിൽ കാർഗിൽ യുദ്ധത്തിൽ വിരലുകൾ നഷ്‌ടമായി. ഹവീൽദാറായി സ്വമേധയാ വിരമിച്ച ശേഷം ഒരു ചെറിയ കട തുങ്ങുകയായിരുന്നു. കടയിൽ പാട്ടീലിനൊപ്പം ഒപ്പമുള്ള ചിത്രത്തോടൊപ്പമാണ് കാമത്ത് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുള്ളത്.

മാറ്റമില്ലാത്ത ഈ ജീവിതശൈലി പ്രചോദനമാഎന്നും കാമത്ത് പറയുന്നു. അദ്ദേഹത്തിന് 70 വയസായി. പക്ഷേ കടയിലേക്ക് പലചരക്ക് സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് ഒറ്റക്കാണ് പോവുക. പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു സ്കൂട്ടറിൽ ആണ് പതിവ് യാത്ര. കടയിലെയും വീട്ടിലെയും ഒക്കെ ഏക സഹായി അമ്മായിയമ്മ മാത്രമെന്നും പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

കാമത്തും ഭാര്യ സീമയും ശതകോടികളുടെ ആസ്തി നേടി കഴിഞ്ഞിട്ടും, കട ഉപേക്ഷിക്കാൻ അച്ഛൻ പാട്ടീൽ തയ്യാറാകുന്നില്ലെന്നാണ് പോസ്റ്റിൽ പറഞ്ഞിട്ടുള്ളത്. കടയിലെ വിവിധ ഉൽപ്പന്നങ്ങളുടെ ലാഭത്തെക്കുറിച്ച് ചോദിക്കുമ്പോൾ അച്ഛൻെറ കണ്ണുകളിൽ തിളക്കമുണ്ടാവുമെന്നും, നിതിൻ കാമത്ത് പറഞ്ഞിരിക്കുന്നു. 200 രൂപയുടെ ഒരു പെട്ടി കടല ഒരുമിച്ചെടുത്ത് 250 രൂപക്ക് വിൽക്കുന്നു. പരമാവധി 25 ശതമാനം ലാഭം. എന്നാലും കിട്ടുന്ന സംതൃപ്തി വലുതാണ്. ഒന്നിനെക്കുറിച്ചും പരാതിയില്ല. ആരോടും പരാതിപ്പെടുകയുമില്ല. ഒൻപത് വർഷം മുമ്പ് മകളെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞു സമീപിച്ചപ്പോൾ, ഒരു സർക്കാർ ജോലി കണ്ടെത്തൂ എന്നായിരുന്നു ഉപദേശിച്ചിരുന്നതെന്നും കാമത്ത് പറഞ്ഞിട്ടുണ്ട്.