മതം മാറ്റകേന്ദ്രത്തിൽ നിന്ന് വറുവേദനയാണെന്നു പറഞ്ഞു ആശുപത്രിയിലെത്തി രക്ഷപ്പെട്ട പെൺകുട്ടിയെ പറ്റി ബിന്ദു തെക്കേത്തൊടിയുടെ കുറിപ്പ്

നിർബന്ധിത മതം മാറ്റത്തിന് ഇരയാക്കി പെൺകുട്ടികളെ ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന സംഭവത്തെ അടിസ്ഥാനമാക്കി സുധീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം ‘ദ കേരള സ്‌റ്റോറി’ വമ്പൻ ഹിറ്റായി എന്ന് തന്നെ പറയണം. ഈ ചിത്രം പറയുന്ന കാര്യങ്ങളെക്കുറിച്ച് മാദ്ധ്യമപ്രവർത്തകയായ ബിന്ദു തെക്കേത്തൊടി പങ്കുവച്ച ഫേസ് ബുക്ക് കുറിപ്പ് ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച.

ബിന്ദു തെക്കേത്തൊടിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

രണ്ടു മാസം മുൻപാണ് അദ്ദേഹം വീണ്ടും വിളിച്ചത്, ‘ഞാൻ ആക്സിഡൻറായിട്ട് കിടപ്പാണ്, പത്തു വർഷത്തിന് ശേഷം, ഇന്ന് മോള് എന്നെ കാണാൻ വന്നിരുന്നു, പരസ്പരം ഒന്നും മിണ്ടിയില്ല, ഒന്നും മിണ്ടാൻ തോന്നിയില്ല, അവളിവിടെ എത്തുമ്പോൾ അനിയത്തിയും അവളുടെ അമ്മയും ഇവിടെ നിന്ന് ഇറങ്ങിപ്പോയി, അവളെ അങ്ങനെ കാണാൻ അവർക്ക് ശക്തിയില്ല, കണ്ണു മാത്രം പുറത്ത് കാണിച്ച് ആ വസ്ത്രത്തിനുള്ളിൽ അവൾക്ക് ശ്വാസം മുട്ടുന്നുണ്ടാവുമെന്നോർത്ത് എൻറെ മനസ്സ് ഒരുപാട് വേദനിച്ചു, അതിൽ നിന്ന് ഇനി അവൾക്ക് മോചനമില്ല. അപകടം പറ്റിയതിൻറെ വേദന എന്നെ ഇത്ര അലട്ടിയിരുന്നില്ല, എൻറെ മകൾ അവൾക്കിനി മോചനമില്ല’. വീണ്ടും ആ തേങ്ങൽ.

കേരളാ സ്റ്റോറി അദ്ദേഹം കണ്ടിട്ടുണ്ടാവും എന്ന് എനിക്കുറപ്പാണ്.സിനിമ കണ്ടോ എന്ന് വിളിച്ചു ചോദിക്കാൻ ധൈര്യം വന്നില്ല. ഒരു പക്ഷെ തീയേറ്ററിൽ നിന്ന് ഇറങ്ങി വീട്ടിൽ എത്തുന്നതുവരെ കരഞ്ഞിട്ടുമുണ്ടാകും. ശാലിനി ഉണ്ണികൃഷ്ണൻറെ തനി പകർപ്പായിരുന്നു ആ മോളും, അതെ ചിരി, അതേ സൌന്ദര്യം, ചിലപ്പോഴൊക്കെ അത് അവളാണോ എന്ന് എനിക്ക് തോന്നിപോയി. അദ്ദേഹത്തിൻറെ മകളുടെ അതേ രൂപസാദൃശ്യമായിരുന്നു ശാലിനി ഉണ്ണികൃഷ്ണനും, പേരിലും സമാനത, പരിചയപ്പെട്ടതുമുതൽ എനിക്കും അവൾ ഏറെ പ്രിയപ്പെട്ടവളായിരുന്നു,

സ്നേഹം തോന്നി വാങ്ങിക്കൊടുത്ത വയലറ്റ് ചുരിദാറിൽ അവളങ്ങനെ പൊട്ടും ചന്ദന കുറിയും തൊട്ട് സുന്ദരിയായി നിൽക്കുന്നത് ഇന്നും കണ്ണിൽ നിന്ന് മാഞ്ഞിട്ടില്ല. നാട്ടിൽ ചെറിയ ജോലി ചെയ്തിരുന്ന ഒരു മുസ്ലിം ചെറുപ്പക്കാരൻറെ കൂടെയാണ് അന്നവൾ പോയത്. ബിഎച്ച്എംസിന് തമിഴ്നാട്ടിൽ പഠിക്കുമ്പോഴാണ് അവൾക്ക് ആ ദുർബുദ്ധി തോന്നിയത്. പ്രണയമെന്ന് വേണമെങ്കിൽ പറയാം. പക്ഷേ ആ പ്രണയത്തിനായി ഒരു മതതീവ്രവാദ സംഘടന ആളും അർത്ഥവും നൽകി കൂടെ നിൽക്കുന്നത് നേരിൽ കണ്ടതാണ്.

ആദ്യം കീഴ് ക്കോടതിയും പിന്നീട് ഹൈക്കോടതിയും ഏകദേശം ആറുമാസത്തോളം കേസ് വലിച്ചു നീട്ടി. കോടതിക്കുപോലും ആ കുട്ടിയെ ദുർവിധിക്ക് വിട്ടു കൊടുക്കാൻ തോന്നിയിരുന്നില്ല എന്ന് വാസ്തവം. നിയമത്തിൻറെ ആനുകൂല്യം കൊണ്ട് മാത്രം അവൾ അവനോടൊപ്പം പോയി.

ഈ കടുംബത്തിൻറെ മുഴുവൻ പശ്ചാത്തലമോ പേരോ ഇവിടെ പരാമർശിക്കാനാവില്ല, അവളുടെ അനിയത്തി ഇന്ന് ഉന്നത ബിരുദത്തിന് പഠിക്കുകയാണ്. ചേച്ചിയ്ക്ക് ജീവിതത്തിൽ സംഭവിച്ച ഈ ദുരന്തം അവൾ കൂട്ടുകാരികളോടൊന്നും ഇതുവരെ പറഞ്ഞിട്ടില്ല, ആ അനിയത്തിയെ ഓർത്ത് എനിക്ക് പൂർണ്ണവിവരം ഇവിടെ പറയാൻ പരിമിതിയുണ്ട്. എന്തുകൊണ്ടോ പത്തു വർഷം പിന്നിട്ടിട്ടും മനസ്സിൽ ഒരു വിങലായിരുന്നു അവൾ. കേരളാ സ്റ്റോറി തിയേറ്ററിലിരുന്ന് കാണുമ്പോൾ അടുത്തിരിക്കുന്ന കോളേജേ് സ്റ്റുഡൻസിൽ ആരൊക്കെയോ സങ്കടം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടുന്നുണ്ട്. എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.. !

ഗദ്ദാമ സിനിമകണ്ടിറങ്ങിയപ്പോൾ എനിക്കിത് പുനർജൻമാണ്, ഈ ജീവിതം തിരികെ തന്നതിന് നന്ദി എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ മറ്റൊരു പെൺകുട്ടി, മതംമാറ്റകേന്ദ്രത്തിൽ നിന്ന് വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി അവിടുത്തെ നഴ്സിൻറെ സഹായത്തോടെ പോലീസിനെ അറിയിച്ച് രക്ഷപ്പെട്ട് പോകാൻ വേറൊരു വീടില്ലാതെ കുറേകാലം ഒരുമിച്ച് താമസിച്ച മറ്റൊരു അനിയത്തി. അങ്ങനെ നൂറുകണക്കിന് പേരുടെ അനുഭവങ്ങളിൽ കേരളാ സ്റ്റോറി എനിക്ക് പുതിയ കഥയായിരുന്നില്ല.
#Kerala_Story