‘ഇങ്ങേര്‍ക്ക് വയസുകാലത്ത് വേറെ പണിയില്ലേ’ മഹാനടൻ നസീറിനെ പറ്റി മോഹൻ ലാൽ അന്ന് പറഞ്ഞത് ഇങ്ങനെ – ശ്രീനിവാസന്‍

മോഹന്‍ലാലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി നടന്‍ ശ്രീനിവാസന്‍. മോഹന്‍ലാല്‍ പ്രേം നസീറിനോട് കാണിച്ച വഞ്ചനയെ കുറിച്ചാണ് ശ്രീനിവാസന്‍ ഇപ്പോള്‍ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി നസീര്‍ സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ‘ഇങ്ങേര്‍ക്ക് വയസുകാലത്ത് വേറെ പണിയില്ലേ’ എന്നാണ് മോഹൻലാൽ അന്ന് പറഞ്ഞത് എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ: ‘കടത്തനാടന്‍ അമ്പാടി’ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് തനിക്ക് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുള്ള കാര്യം പ്രേം നസീര്‍ പറയുന്നത്. എന്നോട് നല്ല കഥ ആലോചിക്കാനും പറഞ്ഞു. അത് കഴിഞ്ഞു ഒരു ദിവസം മോഹന്‍ലാല്‍ എന്നോട് പറഞ്ഞു, ‘നസീര്‍ സാര്‍ എന്നെ വച്ച് ഒരു പടം സംവിധാനം ചെയ്യാനുള്ള പരിപാടിയിലാണ്. വയസുകാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേ’ എന്ന്. ‘ലാലിന് ഇഷ്ടമല്ലെങ്കില്‍ പറഞ്ഞാല്‍ പോരെ ഇങ്ങനെയൊക്കെ പറയുന്നത് എന്തിനാണെന്ന് ഞാന്‍ തിരിച്ച് ചോദിച്ചു – ശ്രീനിവാസൻ പറയുന്നു.

പറയാന്‍ പറ്റില്ല എന്നായിരുന്നു ലാലിന്റെ മറുപടി. നടരാജന്‍ എന്നയാളാണ് ആ പടത്തിന് വേണ്ടി നടക്കുന്നത്. നസീര്‍ സാറിന്റെ സിനിമയായതിനാല്‍ മോഹന്‍ലാല്‍ അത് ചെയ്യും എന്നാണ് എല്ലാവരും കരുതിയിരുന്നത്. ഒരു ദിവസം നടരാജന്‍ വന്ന് എന്നോട് പറഞ്ഞു, ലാല്‍ തട്ടിക്കയറിയെന്ന്. ‘ഇതുവരെ കഥയായിട്ടില്ലല്ലോ ഞാന്‍ ഏത് സിനിമയില്‍ അഭിനയിക്കണമെന്നാണ് പറയുന്നത് എന്നൊക്കെ ചോദിച്ച് ദേഷ്യപ്പെട്ടു’ അപ്പോള്‍ താന്‍ ഒരു കഥ പറഞ്ഞു. ആ കഥയാണ് പിന്നീട് ‘സന്ദേശ’മാവുന്നത്.

ഉടൻ നടരാജന്‍ മോഹന്‍ലാലിനെ പോയി കണ്ട് കഥ പറഞ്ഞു. വൈകുന്നേരമായപ്പോള്‍ മോഹന്‍ലാല്‍ എന്നെ വിളിച്ച് എന്ത് ചതിയാടോ താന്‍ ചെയ്തത് എന്ന് പറഞ്ഞു. ‘ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടെ. കഥയാവുമ്പോള്‍ എന്റെ അടുത്ത് പറയണ്ടേ’ എന്ന് പറഞ്ഞു. ലാലിന്റെ കല്യാണ നിശ്ചയത്തിന്റെ ദിവസം നസീര്‍ സാര്‍ ഒരു ചെക്ക് എഴുതി ലാലിന്റെ അടുത്തെത്തി. അഡ്വാന്‍സ് കൊടുത്തു. പുള്ളിക്കാരന് അത് വാങ്ങേണ്ടി വന്നു – ശ്രീനിവാസൻ പറഞ്ഞു.