ജനസംഖ്യ കൂട്ടണം : വിദ്യാർത്ഥികൾക്ക് പ്രണയിക്കാൻ അവധി നൽകി ചൈന ;ചെയ്യാൻ പ്രത്യേക ഹോംവർക്കുകൾ

ബീജിംഗ്: ജനസംഖ്യ താഴോട്ട് പോകുന്നതോടെ വിദ്യാർത്ഥികൾക്ക് പ്രണയിക്കാൻ അവധി നൽകി ചൈന. യുവജനങ്ങൾക്ക് വിവാഹിതരാവാൻ തീരെ താൽപര്യമില്ല. പ്രത്യേകിച്ചും പുരുഷന്മാർക്ക്. ജനനനിരക്ക് കുറയുന്നതോടെ ഭാവിയിൽ യുവജനങ്ങൾ ഇല്ലാതെ വരുന്ന ഒരവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാലാണ് ജനസംഖ്യ കൂട്ടാൻ യുവജനങ്ങളെ സ്വാധീനിക്കാനുള്ള വഴികളുമായി അധികൃതർ രംഗത്തെത്തിയത്.

ജനസംഖ്യ ഉയർത്തുന്നതിനായി ആദ്യം വേണ്ടത് യുവാക്കളിലും യുവതികളിലും ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം ഉണ്ടാക്കിയെടുക്കുകയെന്നതാണ്. ഇതിനായി അധികൃതർ കോളേജുകളെ കൂട്ടുപിടിച്ചു. യുവജനങ്ങളെ പ്രണയത്തിലേക്കും അതിലൂടെ കുടുംബജീവിതത്തിലേക്കും എത്തിക്കാനാണ് സർക്കാർ ശ്രമം. ആദ്യഘട്ടത്തിൽ ഏഴുകോളേജുകളിലാണ് പ്രണയ അവധി നടപ്പാക്കുന്നത്. ഏഴ് ദിവസമാണ് അവധി.

ഈ സമയത്ത് ഇവർ പ്രകൃതിയോട് പരമാവധി ഇണങ്ങി ജീവിക്കുകയാണ് വേണ്ടത്. ഇതിലൂടെ അവരുടെ മനസ് പ്രണയത്തിലെത്തും എന്നാണ് വിലയിരുത്തൽ. അങ്ങനെ എത്തിയില്ലെങ്കിൽ അതിനുവേണ്ട പ്രോത്സാഹനവും ലഭിക്കും. ഇതിനായി പ്രത്യേകം ഹോംവർക്കുകളും ഉണ്ട്. പ്രണയത്തെക്കുറിച്ചുൾപ്പടെ ഡയറി എഴുത്ത്, യാത്രാ വീഡിയോ തയ്യാറാക്കൽ, വ്യക്തിത്വ വികസനം രേഖപ്പെടുത്തൽ എന്നിവയാണ് പ്രധാന ഹോംവർക്കുകൾ.

ഇതെല്ലാം പരിശോധിച്ച് മാർക്കും നൽകും. വിവാഹം കഴിക്കാത്ത മുപ്പതിനുമേൽ പ്രായമുള്ളവരുടെ എണ്ണം കൂടുന്നതിന് കാരണം പുരുഷധനമാണെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ പുരുഷ ധനം ഇല്ലാതാക്കൽ ഉൾപ്പടെ പലവഴികളും അധികൃതർ എടുത്തു.ചെറിയതോതിൽ ഇത് ഫലംചെയ്തിരുന്നു. ഇതിലൂടെ ലഭിച്ച ആത്മവിശ്വാസമാണ് പ്രണയ അവധിക്ക് പ്രേരണയായത്.