ലോൺ ആപ്പ് തട്ടിപ്പുകളിൽ ഈ വർഷം പരാതിയുമായി പോലീസിനെ സമീപിച്ചത് 1427 പേർ

തിരുവനന്തപുരം. ലോണ്‍ ആപ്പുകളുടെ തട്ടിപ്പില്‍ പരാതിയുമായി ഈ വര്‍ഷം പോലീസിനെ സമീപിച്ചത് 1427 പേരെന്ന് റിപ്പോര്‍ട്ട്. അതേസമയം 2021ല്‍ 1400 പരാതികളും 2022ല്‍ 1340 പരാതികളുമാണ് ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചതായി പോലീസ് പറഞ്ഞു.

ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായി കൊച്ചിയില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് 72 ആപ്പുകളെ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചു. പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി സ്വീകരിച്ചു. ആപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുന്നത് ദേശായ തലത്തില്‍ രൂപികരിച്ച പോര്‍ട്ടല്‍ വഴിയാണ്.

ആദ്യം സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് പോര്‍ട്ടലിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. ലോണ്‍ ആപ്പ് തട്ടിപ്പിന് നിരവധി പേര്‍ ഇരയായെങ്കിലും ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പരാതിക്കാരുടെ എണ്ണവും വര്‍ധിച്ചത്. ലോണ്‍ ആപ് കേസുകളില്‍ ഇതുവരെ രണ്ട് എഫ്‌ഐആര്‍ മാത്രമാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.