തൂത്തുക്കുടി വെടിവെപ്പ്: ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത് എന്തിനെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തൂത്തുക്കുടിയില്‍ ഇന്റര്‍നെറ്റ് സേവനം പുന: സ്ഥാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത് എന്തിനാണെന്നും മൂന്ന് മണിക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കാരിനോട് കോടതി പറഞ്ഞു. തൂത്തുക്കുടി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്.

പൊലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച്, തമിഴ്‌നാട്ടില്‍ ഇന്ന് ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ബന്ദ് ആചരിക്കുകയാണ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ബന്ദ്. തൂത്തുക്കുടി വെടിവെപ്പ് സിറ്റിംഗ് ജഡ്ജി അന്വേഷിക്കുക, മുഖ്യമന്ത്രിയും ഡിജിപിയും രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബന്ദ്.

റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങള്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ചേക്കും. പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലടക്കം സുരക്ഷ ശക്തമാണ്. അതേസമയം, സര്‍ക്കാര്‍ ബസ്സുകള്‍ സര്‍വീസ് നടത്തും. എഐഎഡിഎംകെ അനുകൂല തൊഴിലാളി സംഘടനകളിലെ ജീവനക്കാരെ ഉപയോഗിച്ച് ബസുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ വെടിവെപ്പില്‍ പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

ചെമ്പു ശുദ്ധീകരണ ശാലയ്‌ക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ടുണ്ടായ വെടിവെപ്പില്‍ ആദ്യ ദിവസം 10 പേര്‍ മരിച്ചിരുന്നു.രണ്ടാം ദിവസവും വെടിവെപ്പില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിതിനെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി സന്ദര്‍ശിച്ചു. ബുധനാഴ്ച ജനക്കൂട്ടത്തിന് നേരെയുള്ള പോലീസ് വെടിവെപ്പിലാണ് കാളിയപ്പന്‍ എന്ന 22കാരന് അതിദാരുണമായി പരിക്കേറ്റത്. വെടിയേറ്റ് നിലത്ത് വീണ് വേദനയില്‍ പിടഞ്ഞ കാളിയപ്പനെ പോലീസുകാര്‍ വീണ്ടും അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ലാത്തികൊണ്ട് കുത്തിയശേഷമാണ് പോലീസുകാരിലൊരാള്‍ കാളിയപ്പനോട് അധികം അഭിനയിക്കരുതെന്ന് ആക്രോശിക്കുന്നത്. എഴുന്നേറ്റ് പോകാന്‍ പറഞ്ഞാണ് പോലീസുകാര്‍ കാളിയപ്പനെ മര്‍ദ്ദിച്ചത്. ഇയാളുടെ കാലില്‍ പിടിച്ചു വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.