മൂന്ന് ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തു

ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ഡാറ്റ ശേഖരണ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണന്ന കാരണത്താല്‍ മൂന്ന് ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് അധികൃതര്‍ നീക്കം ചെയ്തു. രണ്ട് കോടിയോളം ഉപയോക്താക്കള്‍ ഉള്ള ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തത്. അമേരിക്കയിലും മറ്റു ചില വിദേശ രാജ്യങ്ങളിലും യുവാക്കള്‍ക്കിടയില്‍ നല്ല പ്രചാരത്തില്‍ നിന്നിരുന്നവയായിരുന്നു നീക്കം ചെയ്ത മൂന്ന് ആപ്ലിക്കേഷനുകളും. പ്രിന്‍സസ് സലൂണ്‍, നമ്പര്‍ കളറിംഗ്, കാറ്റ്‌സ് ആന്റ് കോസ് പ്ലേ എന്നിവയാണ് പ്ലേ സ്റ്റോറില്‍ നിന്ന് എടുത്തുകളഞ്ഞത്.

നീക്കം ചെയ്ത ആപ്ലിക്കേഷനുകള്‍ ഗൂഗിളിന്റെ ഡാറ്റ ശേഖരണ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ അക്കൌണ്ടബിലിറ്റി കൌണ്‍സില്‍ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇങ്ങനെയൊരു നടപടി. ഉപയോക്താക്കളുടെ വിവരങ്ങള്‍ ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന ഗുരുതര ആരോപണം ഉയര്‍ന്നതോടെയാണ് നടപടി സ്വീകരിച്ചതെന്ന് ഗൂഗിള്‍ വക്താവ് വ്യക്തമാക്കി.