താജ്​മഹലില്‍​ പ്രാര്‍ഥന, മൂന്ന്​ ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആഗ്ര: താജ്​മഹല്‍ കോമ്പൗണ്ടിനുള്ളില്‍ പ്രവേശിച്ച്‌​​ ശിവ പ്രതിഷ്​ഠയില്‍ പ്രാര്‍ഥന നടത്തിയതിനാണ്​ ഒരു സ്​ത്രീയടക്കം മൂന്ന്​ ഹിന്ദു മഹാസഭ പ്രവര്‍ത്തകരെ അറസ്റ്റ്​ ചെയ്​തത്​. സ്​മാരക സംരക്ഷണത്തിനായി വിന്യസിച്ച സി.ഐ.എസ്​.എഫ്​ ജവാന്‍മാരാണ്​ മൂവരെയും പിടികൂടി പൊലീസിലേല്‍പ്പിച്ചത്​. അവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും താജ്​ഗഞ്ച്​ പൊലീസ്​ സ്​റ്റേഷനിലെ ഇന്‍സ്​പെക്​ടര്‍ ഉമേഷ്​ ചന്ദ്ര ത്രിപാഠി പറഞ്ഞു. സമുച്ചയത്തിലെ സെന്‍ട്രല്‍ ടാങ്കിന് സമീപമുള്ള ബെഞ്ചിലിരുന്ന് ഹിന്ദു മഹാസഭയുടെ പ്രവിശ്യാ പ്രസിഡന്‍റ്​ മീന ദിവാകര്‍ മറ്റ് രണ്ട് പേരോടൊപ്പം പ്രാര്‍ഥിക്കാന്‍ തുടങ്ങുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്​ടോബറില്‍ താജ്​മഹലിനുള്ളിലേക്ക്​ കാവിക്കൊടിയുമായി അതിക്രമിച്ചു കയറിയതിന്​ ഹിന്ദു ജാഗരണ്‍ മഞ്ച്​ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. ആര്‍.എസ്​.എസുമായി അടുത്തുനില്‍ക്കുന്ന സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ചിന്‍റെ​ ആഗ്ര യൂണിറ്റ്​ പ്രസിഡന്‍റ് ഗൗരവ് താക്കൂറിന്‍റെ നേതൃത്വത്തില്‍ അവിടെ പ്രാര്‍ഥന നടത്തുകയും ചെയ്​തിരുന്നു.

‘താജ്​മഹല്‍ യഥാര്‍ഥത്തില്‍ തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നു. കുറച്ച്‌ വര്‍ഷങ്ങളായി ഞാന്‍ താജ്​മഹലില്‍ എത്താറുണ്ട്​. അഞ്ച് തവണയെങ്കിലും ഇവിടെവച്ച്‌​ ശിവനോട് പ്രാര്‍ഥിച്ചിട്ടുണ്ട്. സ്​മാരകം ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നതുവരെ അത് തുടരും’- ഗൗരവ് താക്കൂര്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്​ ഇങ്ങനെയായിരുന്നു. ​