റോഡിന് നടുവിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി, സംഭവം നെല്ലിയാമ്പതിയിൽ

പാലക്കാട്: നെല്ലിയാമ്പതിയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. പുലർച്ചെ 5.30ന് ഇതുവഴി കടന്നുപോയ പാൽ വിൽപനക്കാരനാണ് പുലി റോഡിൽ കിടക്കുന്നതായി കണ്ടത്.

തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടിക്ക് സമീപമാണ് പുലി കിടന്നത്. പുലിയുടെ വയർ പൊട്ടി ആന്തരികാവയവങ്ങൾ പുറത്ത് വരുകയും, ഒരു കൈ ഒടിയുകയും ചെയ്ത നിലയിലായിരുന്നു കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

റോഡ് കുറുകെ കടക്കുന്നതിനിടയിൽ വാഹനമിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പാലക്കാട് കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍ പാളം കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചു പരുക്കേറ്റ പിടിയാന ചരിഞ്ഞു. വൈകിട്ട് അഞ്ചുമണിക്കാണു മരണം സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആന. ആനയെ കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് മരുന്നുകളും മറ്റ് ചികിത്സയും നല്‍കി വരുകയായിരുന്നു.

നടക്കാന്‍ കഴിയാതെ ആന കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആനയുടെ ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റതായി വനംവകുപ്പ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.