മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി വാദം കേള്‍ക്കുന്നത്‌ ഏപ്രില്‍ 29-ലേക്ക് മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി വാദം കേള്‍ക്കുന്നത്‌ ഏപ്രില്‍ 29-ലേക്ക് മാറ്റി. കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് നടപടി.

അതേസമയം, കേസിനെപ്പറ്റി കോടതിക്ക് ബോധ്യമുണ്ടെന്നും കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ ഏപ്രില്‍ 24-നകം നോട്ടീസിന് കോടതിയില്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മദ്യനയക്കേസില്‍ മാര്‍ച്ച് 21-നാണ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ തന്റെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന കെജ്രിവാളിന്റ വാദം ഹൈക്കോടതി തള്ളുകയായിരുന്നു.

ഇന്നാണ് കെജ്രിവാളിന്റെ ഹർജി സുപ്രീം കോടതി പരി​ഗണിച്ചത്. മദ്യനയ അഴിമതിക്കേസിലെ ഇഡി നടപടി രാഷ്ട്രീയ പ്രേരിത മാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇഡി നിയമവിരുദ്ധ നടപടിയാണ് സ്വീകരിച്ചതെന്നുമാണ് ഹർജിയിൽ പറയുന്നത്. ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹർജി നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ കെജ്രിവാളിൻ്റെ ഹർജി തള്ളിക്കളഞ്ഞ ഹൈക്കോടതി മദ്യനയ അഴിമതിയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ഇഡി യുടെ വാദം ശരിവെച്ചിരുന്നു.