എന്റെ പള്ളി ഇന്ന് ഇവിടെയാണ്, ഈസ്റ്റര്‍ ദിനത്തില്‍ കമ്യൂണിറ്റി കിച്ചണില്‍ നിന്ന് ടിനി ടോം

മിമിക്രി താരമായി വരുകയും പിന്നീട് ബോഡി ഡ്യുപ്പ് ആയി അഭിനയിക്കുകയും ചെയ്ത്, മലയാളത്തിലെ അറിയപ്പെടുന്ന നടനായി മാറിയ ആളാണ് ടിനി ടോം, പാലേരി മാണിക്യം, പട്ടണത്തിൽ ഭൂതം, അണ്ണൻ തമ്പി എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ‍ഡ്യൂപ്പ് ആയതിനുശേഷം പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് നടൻ എന്ന രീതിയിൽ തിളങ്ങുന്നത്.

ഈസ്റ്റര്‍ ദിനത്തില്‍ കമ്യൂണിറ്റി കിച്ചണില്‍ പങ്കാളിയായിരിക്കുകയാണ് നടന്‍ ടിനി ടോം. കൊച്ചി കലൂരില്‍ ഒരു റെസിഡന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന കമ്യൂണിറ്റി കിച്ചണിലാണ് താരം എത്തിയത്. നിര്‍മ്മാതാവ് സുബൈര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ബാദുഷ, ജാവേദ് തുടങ്ങിയ സിനിമ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സമൂഹ അടുക്കള. ഫേയ്സ്ബുക്ക് ലൈവിലൂടെയാണ് കമ്യൂണിറ്റി കിച്ചണിന്റെ ഭാ​ഗമായതിന്റെ സന്തോഷം താരം പങ്കുവെച്ചത്.

“ഈസ്റ്ററായിട്ട് ഒരുപാട് പേരാണ് വഴിയില്‍ വിശന്നിരിക്കുന്നത്. കൂടാതെ നിരവധി പൊലീസുകാരാണ് തങ്ങളുടെ ഈസ്റ്റര്‍ ഇവിടെയാണെന്ന് പറഞ്ഞ് വഴിയില്‍ നില്‍ക്കുന്നത്. നിരവധി പേരാക്കാണ് ഈ റെസിഡന്‍സ് അസോസിയേഷന്‍ ഭക്ഷണം നല്‍കുന്നത്. നിരവധി സിനിമകള്‍ നിര്‍മിച്ച വ്യക്തിയാണ് സുബൈര്‍. പ്രൊഡക്ഷനില്‍ വര്‍ക്ക് ചെയ്യുന്നതുപോലെയാണ് അദ്ദേഹം. രാവിലെ തന്നെ എത്തും. യഥാര്‍ഥത്തില്‍ ഈസ്റ്ററിന്‍റെ സന്ദേശം ഇവിടെയാണെന്നാണ് എന്‍റെ വിശ്വാസം. ഒരു കുര്‍ബാന കൂടിയില്ലെങ്കിലും കുഴപ്പമില്ല, ഇതിന്‍റെ ഭാഗമായാല്‍ മതിയെന്ന് കരുതുന്നു. എന്‍റെ ഈസ്റ്റര്‍ ഇവിടെയാണ്. എല്ലാവര്‍ക്കും ഹാപ്പി ഈസ്റ്റര്‍, എല്ലാവര്‍ക്കും നന്മ വരട്ടെ”, ടിനി ടോമ പറഞ്ഞു.

ലോക്ക്ഡൗണ്‍ നീട്ടിയില്ലെങ്കില്‍ രോ​ഗം പകരും. അതിനാല്‍ നമ്മള്‍ ജനങ്ങളാണ് അതിനുവേണ്ടി പ്രവര്‍ത്തിക്കേണ്ടത്. സ്വയം നിയന്ത്രണം കൊണ്ടുവരണം. പൊലീസുകാരോട് ആരോടും തട്ടിക്കയറരുത്.- ടിനി ടോം കൂട്ടിച്ചേര്‍ത്തു. ഇന്ന് 4000 പേര്‍ക്കാണ് സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം എത്തിച്ചത്.

https://www.facebook.com/TinyTomOfficial/videos/216006566352940/