‘നമ്മുടെ പ്രവാസികളെ തിരിച്ചെത്തിക്കണം, കേരളത്തിന്റെ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും വേണ്ടുവോളം മനസറിഞ്ഞ് സഹായിച്ചവരാണ് പ്രവാസികള്‍’

കോവിഡ് 19ന്റെ സമൂഹ വ്യാപനം തടയാനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ മറ്റ് വിദേശ രാജ്യങ്ങളില്‍ ലോക്ക് ഡൗണ്‍ എന്നത് വെറും പ്രഹസനമാണെന്ന് പറയുകയാണ് നടി മഞ്ജു സുനിച്ചന്‍. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മഞ്ജു ഈ പ്രതികരണം നടത്തിയത്. പല വിദേശരാജ്യങ്ങളിലും ലോക ഡൗണ്‍ എന്നത് വെറും പ്രഹസനം മാത്രമാണെന്നും ലേബര്‍ ക്യാമ്പുകളില്‍ നിന്നും ദിവസവും ആള്‍ക്കാര്‍ പുറത്ത് ജോലിക്ക് പോകുന്നുണ്ട് എന്നും അറിയുന്നു. ഇതൊന്നും ഇവിടെ പറയുന്നത് മറ്റൊന്നും കൊണ്ടല്ല, നിങ്ങള്‍ നാട്ടില്‍ നില്‍ക്കുന്ന മലയാളികള്‍ എത്ര ഭാഗ്യവാന്മാരാണ് എന്ന് അറിയിക്കുന്നതിനാണ്. അഞ്ച് കറി ഇഞ്ചി കറി കൂട്ടി നാലുനേരം വെട്ടി വിഴുങ്ങാന്‍ പറ്റുന്നില്ലെങ്കിലും സുരക്ഷിതമായി സ്വന്തം അടുക്കളയില്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ക്ക് പറ്റുന്നില്ലേ. സ്വന്തം വീടുകളില്‍ സുരക്ഷിതമായി ആരോഗ്യപരമായി അന്തിയുറങ്ങാന്‍ സാധിക്കുന്നില്ലേ.- മഞ്ജു ചോദിക്കുന്നു.

മഞ്ജു സുനിച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വീടിന് പുറത്തിറങ്ങാണ്ട് ഇരിക്കുമ്പോള്‍ ഒടുക്കത്തെ ബോറടി ആണല്ല്യോ. ഡാല്‍ഗൊണ കോഫിയും ചക്കക്കുരു ഷേക്കും ഒക്കെ അടിച്ചു കുടിച്ചിട്ടും സമയം അങ്ങോട്ട് പോകുന്നില്ലല്ലേ. ശെടാ ഇനിയിപ്പോ എന്താ ചെയ്യണേ. എങ്ങനെയെങ്കിലും ലോക്ഡൗണൊന്ന് കഴിയണം ചാടി പുറത്തിറങ്ങണം. കൊറോണ യുടെ കാര്യംമൊക്കെ സര്‍ക്കാരും ആരോഗ്യവകുപ്പും നോക്കിക്കോളും. അതിനാണല്ലോ നമ്മള്‍ അവരെ ജയിപ്പിച്ച് അവിടെ ഇരുത്തിയേക്കുന്നേ.

ഇങ്ങനെയൊക്കെ ചിന്തിക്കുന്ന മഹാന്‍മാര്‍ താഴെയുള്ള ചിത്രം ഒന്ന് സൂക്ഷിച്ചു നോക്കണം. പ്രവാസികളുടെ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. എട്ടും പത്തും പേര്‍ തിങ്ങിഞെരുങ്ങി കിടക്കുന്ന ഈ മുറികളില്‍ കൊറോണ വന്നു കഴിഞ്ഞാല്‍ ഉള്ള അവസ്ഥ പറയണോ. ഒറ്റയ്‌ക്കൊറ്റയ്ക്ക് ഉപയോഗിക്കാനായി അവര്‍ക്ക് അടുക്കളകള്‍ ഇല്ല ബാത്ത്‌റൂമുകള്‍ ഇല്ല. എല്ലാം ഷെയറിങ് ആണ്.. കൊറോണ യില്‍ നിന്നുള്ള സുരക്ഷ തീരെ കുറവ്.. ഭയപ്പെട്ടിട്ടാണെങ്കിലും ദിവസവും ജോലിക്ക് പോകുന്ന കുറെ പേര്‍ വേറെ.

പല വിദേശരാജ്യങ്ങളിലും ലോക ഡൗണ്‍ എന്നത് വെറും പ്രഹസനം മാത്രമാണെന്നും ലേബര്‍ ക്യാമ്പുകളില്‍ നിന്നും ദിവസവും ആള്‍ക്കാര്‍ പുറത്ത് ജോലിക്ക് പോകുന്നുണ്ട് എന്നും അറിയുന്നു. ഇതൊന്നും ഇവിടെ പറയുന്നത് മറ്റൊന്നും കൊണ്ടല്ല, നിങ്ങള്‍ നാട്ടില്‍ നില്‍ക്കുന്ന മലയാളികള്‍ എത്ര ഭാഗ്യവാന്മാരാണ് എന്ന് അറിയിക്കുന്നതിനാണ്. അഞ്ച് കറി ഇഞ്ചി കറി കൂട്ടി നാലുനേരം വെട്ടി വിഴുങ്ങാന്‍ പറ്റുന്നില്ലെങ്കിലും സുരക്ഷിതമായി സ്വന്തം അടുക്കളയില്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ക്ക് പറ്റുന്നില്ലേ. സ്വന്തം വീടുകളില്‍ സുരക്ഷിതമായി ആരോഗ്യപരമായി അന്തിയുറങ്ങാന്‍ സാധിക്കുന്നില്ലേ..

നിങ്ങള്‍ക്ക് ബോറടിക്കുമ്പോള്‍ സംസാരിക്കാന്‍ ചുറ്റിനും നിങ്ങളുടെ വീട്ടുകാരെങ്കിലും ഉണ്ട്. പക്ഷേ അവര്‍ക്ക് അവിടെ പരസ്പരം ദയനീയമായി നോക്കുന്ന മുഖങ്ങള്‍ മാത്രമേയുള്ളൂ. എല്ലാവരും പ്രവാസികള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണം. അവരെ തിരിച്ചുകൊണ്ടുവരാന്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തണം. നിരന്തരം ഈ ആവശ്യമുന്നയിച്ചു കൊണ്ടേയിരിക്കണം. നമ്മുടെ ജനകീയ സര്‍ക്കാര്‍ നമുക്ക് വേണ്ടി എല്ലാം ചെയ്യുന്നുണ്ട്.

കൂടെ നമുക്ക് നമ്മുടെ പ്രവാസികളെയും തിരിച്ചുകൊണ്ടുവരണം. നമ്മളും നമ്മുടെ സര്‍ക്കാരും ഒരുമിച്ചു നിന്നാല്‍ നടക്കാത്ത ഒരു കാര്യങ്ങളും ഇല്ല. നിപ്പ യിലൂടെയും പ്രളയത്തിലൂടെയും കാലം തെളിയിച്ചതാണത്. അതുകൊണ്ട് ഇതും നമുക്ക് നേടണം നമ്മുടെ പ്രവാസികളെ തിരിച്ചെത്തിക്കണം. കേരളത്തിന്റെ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും വേണ്ടുവോളം മനസറിഞ്ഞ് സഹായിച്ചവരാണ് പ്രവാസികള്‍.. അത് നാം മറക്കരുത്..