ഇന്ന് സംസ്ഥാനത്ത് 193 പേർക്ക് കൊവിഡ്: സമ്പർക്കത്തിലൂടെ രോഗം 35 പേർക്ക്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 193 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 92 പേര്‍ വിദേശത്തുനിന്നും 65 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അതേസമയം ഇന്ന് 35 ആള്‍ക്കാര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗം വന്നത്. ഇന്ന് 167 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നിന്നുമാണ് ജനങ്ങളുമായി സംവദിച്ചത്. കൊവിഡ് മൂലം രണ്ട് മരണവും സംഭവിച്ചിട്ടുള്ളതായി മുഖ്യമന്ത്രി വ്യക്തമാക്കി.

സമ്പർക്കത്തിലൂടെ വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ വർധനയുണ്ടായിരിക്കുയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിൽ 35 പേർക്കാണ് ഇനിനി രോഗബാധ സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയിൽ പുതിയതായി ആറു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ വിദേശത്തുനിന്നും നാലു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. രണ്ടു പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

ഇതുവരെ 5622 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2252 പേർ. 183291 പേരാണ് നിരീക്ഷണത്തിലുള്ളത്. 2075 പേർ ആശുപത്രികളിലാണ്. ഇന്ന് 384 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതുവരെ 204482 സാമ്ബിളുകൾ പരിശോധനയ്ക്ക് അയച്ചു. സെന്റിനൈൽ സർവൈലൻസിന്റെ ഭാഗമാ.യി 60,006 സാമ്പിളുകൾ ശേഖരിച്ചു.

ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിർത്തിപ്രദേശങ്ങളിൽ പരിശോധന ശക്തിപ്പെടുത്തും. ദിവസംതോറുമുള്ള പോക്കുവരവ് അനുവദിക്കില്ല. പ്രത്യേകിച്ച്‌ മഞ്ചേശ്വരത്ത്. ധാരാളം പേർ ദിനംപ്രതി മംഗലാപുരം പോയി വരുന്നവരുണ്ട്. അവിടെ നിന്ന് ഇവിടെ വന്ന് തിരിച്ചു പോകുന്നവരുണ്ട്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുന്നു. അതിനാൽ ഈ പോക്കുവരവ് അനുവദിക്കില്ല. ജോലിയുള്ളവർ മാസത്തിൽ ഒരുതവണ വരുന്ന രീതിയിൽ ക്രമീകരിക്കണം.

ഐടി മേഖലയിൽ മിനിമം പ്രവർത്തനങ്ങൾ അനുവദിക്കും. ടെക്നോപാർക്കിലെ സ്ഥാപനങ്ങൾ നിലവിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ കുറയ്ക്കും.മന്ത്രിമാരുടെ ഓഫീസുകൾ മിനിമം സ്റ്റാഫിനെ വെച്ച്‌ പ്രവർത്തിക്കും. നമ്മുടെ സംസ്ഥാനത്ത് പാരാമിലിട്ടറി വിഭാഗത്തിൽ പെട്ട 104 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അവരിൽ നിന്ന് രോഗം പകരാതിരിക്കാൻ ക്രമീകരണമുണ്ടാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് ഭേദമായി ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ ഉടൻ സ്വതന്ത്രമായി നടക്കാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിന് വാർഡ്തല സമിതി അടക്കമുള്ളവർ ശ്രദ്ധ ചെലുത്തണം. ഇവർ കുറെനാൾ കൂടി വീട്ടിൽ ക്വാറന്റൈനിൽ തുടരണം.