ഉമ്മൻ ചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞതിൽ പ്രതികാര നടപടി, ജീവനക്കാരിയുടെ ജോലി തെറിപ്പിച്ചു

കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് ചാനലിന് മുന്നിൽ നല്ലത് പറഞ്ഞതിന് പിന്നാലെ വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിക്ക് ജോലി നഷ്ടമായി. കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പർ പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ. സതിയമ്മ (52)യ്ക്കാണ് ജോലി നഷ്ടപ്പെട്ടത്.
11 വർഷമായുണ്ടായിരുന്ന ജോലിയിൽ നിന്നുമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ സതിയമ്മയെ പുറത്താക്കിയത്.

തന്റെ കുടുംബത്തിനു വേണ്ടി ഉമ്മൻ ചാണ്ടി ചെയ്ത സേവനം ചാനൽ ക്യാമറയ്ക്കു മുന്നിൽ പറഞ്ഞതാണ് ജീവനക്കാരിക്ക് വിനയായത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി ചാനൽ റിപ്പോർട്ടർ വോട്ടർമാരുടെ പ്രതികരണം തേടുന്നതിനിടെ സതിയമ്മയോടും ഉമ്മൻ ചാണ്ടിയെക്കുറിച്ചു ചോദിച്ചു. മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തതും സതിയമ്മ ഓർമിച്ചു. തന്റെ വോട്ട് അദ്ദേഹത്തിന്റെ മകനായ ചാണ്ടി ഉമ്മന് തന്നെയാണെന്നും സതിയമ്മ പറഞ്ഞിരുന്നു.

പിന്നാലെ ഞായറാഴ്ച ചാനൽ ഇതു സംപ്രേഷണം ചെയ്തു. തിങ്കാഴ്ച ജോലിയും നഷ്ടമായി. ഇന്നലെ ജോലിക്കെത്തിയപ്പോൾ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്നു നിർദേശിക്കുകയായിരുന്നു. ഒഴിവാക്കാൻ മുകളിൽനിന്നു സമ്മർദമുണ്ടെന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ടായിരുന്നതായും സതിയമ്മ പറയുന്നു.

വൈക്കം പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണു സ്വീപ്പറായി ജോലിക്കുകയറിയത്. ഇപ്പോൾ കൈതേപ്പാലത്തേക്കു സ്ഥലംമാറ്റം കിട്ടിയിട്ട് നാല്‌ വർഷമായി. സതിയമ്മയുടെ ഭർത്താവ് രാധാകൃഷ്ണനു തടിപ്പണിയായിരുന്നു ജോലി. ഇപ്പോൾ ജോലിക്കു പോകാൻ കഴിയുന്നില്ല. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സതിയമ്മയുടെ വരുമാനം. 8,000 രൂപയാണു മാസവേതനം.

എന്നാൽ തനിക്കു പ്രത്യേകിച്ചു രാഷ്ട്രീയമൊന്നും ഇല്ലെന്നും ഉമ്മൻ ചാണ്ടി ചെയ്ത സഹായം മറക്കാൻ കഴിയാത്തതിനാൽ പറഞ്ഞതാണെന്നും സതിയമ്മ പറയുകയുണ്ടായി